ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; സ്വകാര്യ ആശുപത്രികളുടേത് കൊള്ളയെന്ന് കോടതി

0
571

കൊച്ചി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത  നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത  നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതി പറഞ്ഞു. പാരസെറ്റാമോളിന് മാത്രം 25 മുതല്‍ 45 രൂപവരെ വാങ്ങിയ ആശുപത്രികളുണ്ട്. മനുഷ്യനെ കൊള്ള നടത്തുകയാണ് പല  ആശുപത്രികളും.

കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കി. രജിസ്ട്രേഷന്‍, കിടക്ക, നേഴ്സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു. ഇത് സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു.

ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം.

ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ വ്യക്തമാക്കി. സിടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്സുമാര്‍  ജോലിചെയ്യുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പിപിഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു. വിജ്ഞാപനത്തില്‍ ഇളവ് വേണമെന്നും ആശുപത്രികള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here