വി.വി രമേശന്റെ പ്രചാരണം കെ.സുരേന്ദ്രനെ സഹായകരമായി: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ വോട്ട് ലഭിച്ചിട്ടുണ്ടാകാം: എ.കെ.എം അഷ്‌റഫ്

0
836

കാസർകോട്: എൽ.ഡി.എഫിന്റെ വി.വി രമേശൻ നടത്തിയ പ്രചാരണം ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ സഹായിച്ചതായി മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷ്റഫ്. പ്രധാനമായും ന്യുനപക്ഷ മേഖലകൾ കേന്ദ്രീകരിച്ചാണ് വി.വി രമേശൻ തുടക്കം മുതൽ പ്രചാരണം നടത്തിയത്. ന്യൂനപക്ഷങ്ങളുടെ കൂടുതൽ വോട്ടും അദ്ദേഹം പിടിച്ചത് ഇത് സുരേന്ദ്രന് സഹായകമായെന്നും കാസർകോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ നിയുക്ത എം.എൽ.എ വിശദീകരിച്ചു.

മണ്ഡലത്തിൽ എസ്.ഡി.പി.എയുടെ വോട്ട് കിട്ടിയെന്ന് അഷ്റഫ് സമ്മതിച്ചു. എൻ.ഡി.എയെ പരാജയപ്പെടുത്താൻ അവർ വോട്ട് നൽകിയിട്ടുണ്ടാകാം. മഞ്ചേശ്വരത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കർണാടകയിൽ നിന്നുള്ള മന്ത്രിമാരും എം.എൽ.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി അഷ്റഫ് ആരോപിച്ചു. ന്യൂനപക്ഷങ്ങളുടേതടക്കം നിരവധി വീടുകളിലും ക്വാർട്ടേഴ്സുകളിലും കയറി 1000 രൂപയും കിറ്റും നൽകി. വലിയ രീതിയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനും എൻ.ഡി.എ സ്ഥാനാർത്ഥിയും നേതാക്കളും ശ്രമം നടത്തി. എന്നാൽ ഇതെല്ലാം മറികടന്ന് ജനാധിപത്യമതേതര വിശ്വാസികൾ തനിക്കൊപ്പം നിൽക്കുകയായിരുന്നുവെന്നും മതേതര വോട്ടുകൾ കൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചതെന്നും അഷ്റഫ് പറഞ്ഞു.

5000 മുതൽ 6000 വരെ വോട്ടുകൾക്ക് വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എൻ.ഡി.എ പണമൊഴുക്കിയത് മൂലം ഇത് ലഭിച്ചില്ലെന്നും അഷ്റഫ് പറഞ്ഞു. ഒരു മുസ്ലിം സ്ഥാനാർത്ഥി വിജയിക്കരുതെന്നാണ് എൻ.ഡി.എ നേതാക്കൾ പലരേയും കണ്ട് പറഞ്ഞത്. കെ. സുരേന്ദ്രൻ നോമിനേഷൻ കൊടുത്ത ശേഷം തനിക്കെതിരെ അപരനെ നിർത്താൻ അഷ്റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു. അവരിൽ പലരും തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപരനായി നിൽക്കാൻ ആരും തയ്യാറായില്ല. കർണാടക ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് വോട്ടുകൾ പിടിക്കാനാണ് എൻ.ഡി.എ ശ്രമിച്ചതെന്നും അഷ്റഫ് ആരോപിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here