തോറ്റാലും ബംഗാളില്‍ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

0
639

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

മേയ് അഞ്ചിന് മമതയും ആറിന് മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നേരത്തെ മമത നന്ദിഗ്രാമില്‍ ബി.ജെ.പിയുടെ സുവേന്തു അധികാരിയോട് പരാജയപ്പെട്ടിരുന്നു.

എന്നാല്‍ ചട്ടപ്രകാരം ആറ് മാസം വരെ തെരഞ്ഞെടുപ്പില്‍ ജയിക്കാതെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാം. ആറ് മാസങ്ങള്‍ക്കുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതി.

അതേസമയം നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സുവേന്തു അധികാരി 1200 വോട്ടിനാണ് നന്ദിഗ്രാമില്‍ ജയിച്ചത്.

‘നന്ദിഗ്രാമിലെ ജനങ്ങള്‍ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും. എന്നാല്‍, വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീര്‍ച്ചയായും കോടതിയെ സമീപിക്കും’, എന്നായിരുന്നു മമത പറഞ്ഞത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറിയതെന്നും പോള്‍ പാനല്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നന്ദിഗ്രാമില്‍ റീകൗണ്ടിംഗ് വേണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.

മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടം മുതല്‍ മുന്നിലായിരുന്ന സുവേന്തു അധികാരിയെ പിന്നീടുള്ള ഘട്ടങ്ങളില്‍ മമത മറികടന്നത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസാനം മമത 1700ഓളം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here