മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിളള അന്തരിച്ചു

0
549

കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻ മന്ത്രിയും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാറാണ് മരണവാര്‍ത്ത അറിയിച്ചത്.

ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിനായി പത്തനാപുരത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ബുധനാഴ്‌ച വൈകിട്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് വിശ്രമത്തിലായതോടെ ബാലകൃഷ്ണപിള്ളയാണ് പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചതും മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്.

പരേതയായ ആർ വൽസലയാണ് ഭാര്യ. ഉഷ മോഹൻദാസ്, കെ ബി ഗണേഷ്കുമാർ എംഎൽഎ, ബിന്ദു ബാലകൃഷ്ണൻ എന്നിവരാണ് മക്കൾ. മരുമക്കൾ: കെ.മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് ( ദുബായ്), ടി.ബാലകൃഷ്ണൻ ( മുൻ അഡീഷനൽ ചീഫ് സെക്രട്ടറി).

LEAVE A REPLY

Please enter your comment!
Please enter your name here