നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ നേട്ടമുണ്ടാക്കുന്ന ബി.ജെ.പി പ്രതീക്ഷകൾക്ക് തിരിച്ചടി. സിറ്റിംഗ് സീറ്റായ നേമത്ത് പോലും ബി.ജെ.പി പരാജയപ്പെട്ടു.
2016-ൽ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളിൽ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ. എന്നാൽ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ തവണ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റെ കെ. സുരേന്ദ്രന്റെ വാദം.
വോട്ടെണ്ണൽ ആരംഭിച്ച ഘട്ടത്തിൽ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. നേമത്ത് കുമ്മനം രാജശേഖരൻ തുടക്കംമുതൽ ലീഡ് നിലനിർത്തിയെങ്കിലും അവസാനറൗണ്ടുകളിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
പാലക്കാട്ട് ഇ. ശ്രീധരനും സമാനസ്ഥിതിയാണുണ്ടായത്. ഒരുഘട്ടത്തിൽ ഇ. ശ്രീധരൻ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചുകയറി.
നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബി.ജെ.പിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. തൃശ്ശൂരിൽ സുരേഷ് ഗോപി ഏതാനും മണിക്കൂറുകൾ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നിൽപ്പോയി.
സർവസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തിൽ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.