കോഴിക്കോട് (www.mediavisionnews.in) : ഒരുമിക്കാന്‍ തീരുമാനിച്ച കേരളത്തിലെ രണ്ടു വിഭാഗം സുന്നികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. മദ്റസയുടേയും പള്ളിയുടേയും പേരില്‍ നേരത്തെ നടന്ന രീതിയിലുള്ള അക്രമങ്ങളാണ് വീണ്ടും തുടങ്ങിയത്. ഐക്യ ചര്‍ച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തര്‍ക്കത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തരുതെന്നും ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും തീരുമാനിച്ചിരുന്നു. നിലിവില്‍ സ്ഥാപനങ്ങളുടെ സ്റ്റാറ്റസ്‌കൊ തന്നെ നിലനിര്‍ത്തണമെന്നും ഇരു സംഘടനകളുടേയും സംയുക്ത സമിതി തീരുമാനിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം സമസ്തയുടെ മദ്റസ കയ്യേറുകയും അക്രമം നടത്തുകയും ചെയ്തത്. കോഴിക്കോട് ജില്ലയിലെ പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറിലാണ് മദ്റസ കയ്യേറ്റവും അക്രമവും നടന്നത്. ഇവിടെ ഇരു വിഭാഗവും ഒരുമിച്ചാണ് മദ്റസ നടത്തുന്നത്.
എന്നാല്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസാണ് ഇവിടെ പഠിപ്പിച്ചുവരുന്നത്. ഇതു മാറ്റണമെന്നാവശ്യപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 1962 മുതല്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മദ്റസയില്‍ സിലബസ് മാറ്റണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം സുന്നികള്‍ രംഗത്തുവരുകയും മദ്റസ അടക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച തീരുമാനിച്ച ദിവസം രാവിലെ കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ സംഘടിതമായി എത്തി അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന ഇരു വിഭാഗം തമ്മില്‍ നടന്ന അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. നാല്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സുന്നി ഐക്യത്തിനു സമസ്തയില്‍ നേതൃത്വം നല്‍കുന്ന പ്രസിഡന്റ് ജിഫ്രി തങ്ങള്‍ തന്നെ ഇതിനെതിരേ പരസ്യമായി രംഗത്തു വരികയും ചെയ്തു. സുന്നി ഐക്യനീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഉയര്‍ന്നുവരുന്ന ഇത്തരം നീക്കങ്ങള്‍ മുറുവിഭാഗത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതാണെന്നും ചര്‍ച്ച കിടയില്‍ മഹല്ലുകളില്‍ വിഭാഗീയത സൃഷ്്ടിക്കുന്ന തരത്തില്‍ സമാന്തര ജുമുഅകള്‍ ആരംഭിക്കുക, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മിറ്റികളില്‍ കുഴപ്പങ്ങളുണ്ടാക്കുക, മദ്റസകളില്‍ അക്രമം അഴിച്ചുവിടുക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ഇവരുടെ നേതൃത്വം ഇടപെടണമെന്നും തങ്ങള്‍ കുറിപ്പില്‍ വ്യക്തമാക്കി.