ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ്: സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്ന് മഅ്ദനി

0
270

ബംഗളൂരു: യു.എ.പി.എ ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് അബ്ദുന്നാസർ മഅ്ദനി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്‍റെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മഅ്ദനിയുടെ പ്രതികരണം.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരള സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും മഅ്ദനി ആവശ്യപ്പെട്ടു. രാഹുൽഗാന്ധി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണമെന്നും മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽഗാന്ധി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണമെന്നും മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കണം- കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട്‌ യു.പി യിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയിൽപോലും ചങ്ങലയിൽ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്‌.

മലയാളിയും മാധ്യമ പ്രവർത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണം ഒപ്പം കേരളത്തിൽ നിന്നുള്ള ശ്രീ. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപി മാർ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്ന് ഇടപെടൽ നടത്തിക്കണം. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്നമാണ് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. ഒപ്പം മുഴുവൻ സഹോദരങ്ങളും ആത്‌മാർത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

സിദ്ദിഖ് കാപ്പന്‍റെ നില അതീവ ഗുരുതരമായതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കോവിഡ് ബാധിച്ച് യുപിയിലെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സിദ്ദിഖ് കാപ്പൻ. കാപ്പനോട് ആശുപത്രി അധികൃതർ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു. മഥുര മെഡിക്കൽ കോളജിൽ നിന്ന് താത്ക്കാലികമായി മഥുര ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. എയിംസിലേക്ക് മാറ്റണമെന്ന അപേക്ഷ തീർപ്പാക്കുന്നത് വരെ ജയിലിലേക്ക് മാറ്റണം. ആശുപത്രിയിൽ നാല് ദിവസമായി ടോയ്‌ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്നും കാപ്പൻ കത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here