വളാഞ്ചേരി: ജോലിക്കു പോയ യുവതിയെ വഴിയിൽ തടഞ്ഞ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ട പ്രതി കുഴൽക്കിണറിൽ ഉപേക്ഷിച്ച മൊബൈൽ ഫോൺ വീണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. കൊല്ലപ്പെട്ട ആതവനാട് ചോറ്റൂരിലെ സുബീറ ഫർഹത്തിന്റെ(21) മൊബൈൽ ഫോൺ ഉപയോഗിക്കാൻ പ്രതിക്ക് അറിയില്ലായിരുന്നു. അതിനാൽ മൃതദേഹം കുഴിച്ചിട്ടതിന് സമീപത്തെ ക്വാറിയിലെ കുഴൽക്കിണറിൽ തള്ളുകയായിരുന്നു. പിന്നാലെ വലിയ കല്ലുകളുമിട്ടു. ഇന്നലെ പ്രതി മുഹമ്മദ് അൻവറുമൊത്ത് നടത്തിയ തെളിവെടുപ്പിൽ, 500 അടിയോളം ആഴമുള്ള കുഴൽക്കിണറിൽ കയർ ഇറക്കി പരിശോധിച്ചെങ്കിലും 30 മീറ്റർ ആഴത്തിൽ മാത്രമേ എത്തിയുള്ളൂ.
പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചെങ്കൽ ക്വാറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ യുവതിയുടെ ഷോൾഡർ ബാഗ്, പ്രതിയുടെ വസ്ത്രങ്ങൾ, മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് എന്നിവ കണ്ടെടുത്തു. യുവതിയുടെ ആഭരണങ്ങൾ വിറ്റിട്ടുണ്ട്. ഇത് അടുത്ത ദിവസം വീണ്ടെടുക്കും. ചെങ്കൽ ക്വാറിയിൽ കുഴിച്ചിട്ട ഷോൾഡർ ബാഗ് പ്രതി തന്നെ പുറത്തെടുത്തു. കൈക്കോട്ട് തൊട്ടടുത്ത പറമ്പിൽ കണ്ടെത്തി. പ്രതി കൃത്യം നിർവഹിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ വീടിനു ഏതാനും മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നു കണ്ടെടുത്തു. പൊലീസ് നായ പിടിക്കാതിരിക്കാനാണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.