‘ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടി’; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

0
312

മലപ്പുറം താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു.

ജയ്സല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിക്കാരന്‍ പറഞ്ഞു. താനൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ ജെയ്സലും മറ്റൊരാളും പ്രതികളാണെന്നും ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും താനൂര്‍ പൊലീസ് പറഞ്ഞു.

ഏപ്രില്‍ 15 നാണ് സംഭവമുണ്ടായത്. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയതായിരുന്നു യുവാവും യുവതിയും. ഇവരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു ജെയ്‌സല്‍. തുടര്‍ന്ന് ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ യുവാവ് സുഹൃത്തിന്‍റെ ഗൂഗിള്‍ പേ വഴി ജെയ്‌സലിന് 5000 രൂപ നല്‍കി. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനുശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2018-ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ജെയ്‌സല്‍ വാര്‍ത്തകളിലിടം നേടിയത്. രക്ഷാ പ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത ജെയ്‌സലിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here