ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കൊവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്നാണ് കപില്‍ സിബല്‍ ആവശ്യമുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു. കോടതി -ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
‘കൊവിഡ് ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷമാകുകയാണ്. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍- തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി -ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണം’ എന്നായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്.
നേരത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റദ്ദ് ചെയ്തിരുന്നു. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം മാത്രം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.
കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.