കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേർ മരിച്ചു. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.
ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം. മംഗലാപുരം കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും നൽകുന്ന വിവരം അനുസരിച്ച് 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഒൻപത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.
എപിഎൽ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോട്ടിൽ ഇടിച്ചത് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽ തകർന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പൽ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്.
ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. ബോട്ടിൽ മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാൻ. കാണാതായവർക്കായി കോസ്റ്റ് ഗാർഡിൻ്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്.