കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തിൽ അന്വേഷണം തുടരുന്നു. രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൻസൂർ കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറൻസിക് സർജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അതേ സമയം മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ കുമാറും അന്വേഷണ ഉദ്യോഗസ്ഥൻ പി വിക്രമനും ഇന്നലെ ഉച്ച കഴിഞ്ഞ് പാനൂരിലെത്തി. കൊലപാതകം നടന്ന സ്ഥലവും മൻസൂറിന്‍റെ വീടും സംഘം സന്ദർശിച്ചു. മുഹ്സിനോട് വിശദമായി സംസാരിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കേസിന്‍റെ രേഖകളും ശേഖരിക്കും. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം ഊർജ്ജിതമായി നടക്കുന്നുണ്ട്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.