കാസർകോട് കോവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ചു; പരിശോധന കർശനമാക്കി

0
401

കാസർകോട്- ജില്ലയിൽ കോവിഡ് നിയന്ത്രണം കടുപ്പിക്കാനും പരിശോധന കർശനമാക്കാനും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് പോലീസിന് നിർദേശം നൽകി.

എല്ലാവരും മുഖാവരണം ധരിക്കുന്നുവെന്നും കൂട്ടം കൂടുന്നില്ലെന്നും ഉറപ്പാക്കും. വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും നിലവിലുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കുട്ടികൾ കൂട്ടം കൂടി ഫുട്‌ബോൾ കളിക്കുന്നത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ കൂട്ടം ചേരുന്നത് വിലക്കി. തട്ടുകടകളിൽ നിയന്ത്രണം തുടരും. ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പാർസൽ മാത്രം വിതരണം ചെയ്യണം. തട്ടുകടകളിൽ ഉൾപെടെ എല്ലാ കടകളിലും മാസ്‌കും കയ്യുറയും നിർബന്ധമാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് സെക്ടറൽ മജിസ്ട്രേറ്റുമാരും പോലീസും ഉറപ്പു വരുത്തും. കേസെടുക്കുകയും ഉടൻ പിഴ ഈടാക്കുന്നതിനും നടപടിയുണ്ടാകും.

എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളേയും, അധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. 45 വയസു കഴിഞ്ഞ മുഴുവനാളുകളും കോവിഡ് വാക്‌സിൻ സ്വീകരിക്കണം. ആരോഗ്യ വകുപ്പിൽ താത്കാലികമായി നഴ്‌സുമാരെ നിയമിക്കും. വാക്‌സിനേഷന് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ പ്രവർത്തിച്ച രാഷ്ട്രീയ കക്ഷി പ്രവർത്തകർ, പോളിംഗ് ഏജൻറുമാർ അടക്കമുള്ളവർ കോവിഡ് പരിശോധന നടത്തണമെന്നും ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ജില്ലാ കലക്ടർ അഭ്യർഥിച്ചു. വ്യാപാരികൾ, ഷോപ് ജീവനക്കാർ പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആർടി പി സി ആർ പരിശോധന നടത്തണമെന്ന് യോഗം നിർദേശിച്ചു. ജില്ലയിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ ,നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂർ പള്ളിക്കര, ചെമ്മനാട് ചെങ്കള മേഖലകളിലാണ് കൂടുതൽ രോഗികൾ ഉള്ളത്.

കോവിഡ് പെരുമാറ്റച്ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി സിവിൽ സ്റ്റേഷനുകളിലെ ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു. കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത മുൻനിർത്തി ഓഫീസുകളിൽ മാസ്‌ക് ഉപയോഗം കർശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്. മാസ്‌ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളിൽ ഇരുന്നവർക്ക് കലക്ടർ കർശന മുന്നറിയിപ്പ് നൽകി. ജില്ലാ മാസ്മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സയന, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻറ് എഡിറ്റർ പി.പി. വിനീഷ് എന്നിവർ കലക്ടറെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here