നിയമസഭ തിരഞ്ഞെടുപ്പിൽ 93 സീറ്റ് വരെ നേടുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. സിറ്റിങ് സീറ്റുകളിൽ 90 ശതമാനവും നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് നേത്യത്വം. യുഡിഎഫ് ആവട്ടെ 75–80 സീറ്റ് കണക്കുകൂട്ടുന്നു. എൽ.ഡി.എഫ് ഓരോ മണ്ഡലങ്ങളിലെയും ബൂത്തുതല വിലയിരുത്തൽ ആരംഭിച്ചു. ഏപ്രിൽ 14ന് ശേഷം സംസ്ഥാന നേതൃയോഗം ചേരും. യുഡിഎഫിന്റെ ഭരണമാറ്റ പ്രതീക്ഷകൾ പാടേ തള്ളുകയാണ് എൽഡിഎഫ്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ പുറത്താകും എന്നതിൽ സംശയമില്ലെന്ന് യുഡിഎഫും.
ബി.ജെ.പി വിജയിക്കുമെന്ന് അവകാശപ്പെടുന്ന മഞ്ചേശ്വരം, നേമം, കോന്നി മണ്ഡലങ്ങളിൽ പ്രതീക്ഷ തെറ്റുന്ന വോട്ടിങ്ങാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ. മഞ്ചേശ്വരത്ത് മികച്ച മത്സരം കാഴ്ചവെക്കാനായി. 2016ലേതിനേക്കാൾ വോട്ട് ലഭിക്കും. ബി.ജെ.പി വിജയിക്കില്ല. നേമത്ത് ന്യൂനപക്ഷ വോട്ടുകളിൽ എൽ.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരണമുണ്ടായി. കോൺഗ്രസിന് 35,000ത്തിനപ്പുറം വോട്ട് ലഭിക്കില്ല. എന്നാൽ കെ.സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് എൻഡിഎയും വിജയപ്രതീക്ഷയിലാണ്.
കഴക്കൂട്ടത്ത് 5000-10,000 വോട്ട് ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ചേക്കും. തിരുവനന്തപുരം മണ്ഡലത്തിൽ അട്ടിമറിവിജയം നേടിയേക്കുമെന്നും എൽ.ഡി.എഫ് വിലയിരുത്തി. തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പിക്ക് പിടിക്കാനാവുക പരമാവധി 35,000 വോട്ടാവും.
ബി.ജെ.പിക്ക് സ്ഥാനാർഥികളില്ലാതായ ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടിയുണ്ടാവില്ല. വടകരയിൽ മികച്ച സംഘടനാ പ്രവർത്തനം നടത്താനായി. സി.പി.എം-എൽ.ജെ.ഡി വോട്ടുകൾ ഒരുമിച്ചാൽ വെല്ലുവിളി മറികടക്കാം. തൃശൂരിൽ മത്സരം കടുകട്ടിയായിരുന്നു.
ആലപ്പുഴ ജില്ലയിൽ സിറ്റിങ് സീറ്റുകൾ നിലനിർത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മുേന്നറ്റം നിലനിർത്താനാവും. കോട്ടയത്തും ഇടുക്കിയിലും കേരള കോൺഗ്രസ് (എം) മുന്നണിക്കൊപ്പം ചേർന്നത് വോട്ടിങ്ങിൽ പ്രതിഫലിക്കും. എറണാകുളത്ത് ട്വൻറി20യാവും വിജയ പരാജയം തീരുമാനിക്കുക. ഭരണത്തുടർച്ചക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായതെന്നും വിലയിരുത്തുന്നു.
അതേസമയം തന്നെ ചില സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക സിപിഎമ്മിനും സിപിഐക്കും ഉണ്ട്. മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ വരവുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം പുതിയ കുറച്ചു സീറ്റുകൾ കിട്ടും.
കോൺഗ്രസ് ഒപ്പത്തിനൊപ്പമെത്തിയതു വിചാരിക്കാത്ത കാര്യമല്ലെന്നു സിപിഎം നേതാക്കൾ പറഞ്ഞു. എൻഎസ്എസ് പരസ്യ നിലപാടെടുത്തു കരയോഗങ്ങൾ വഴി നിർദേശങ്ങൾ കൈമാറുന്നതു മനസ്സിലാക്കി പ്രതിരോധം തീർത്തെന്നും പറയുന്നു.