ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ അടിസ്ഥാനമാക്കി ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 13ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. ഏപ്രില്‍ 12 തിങ്കളാഴ്ച ഹിജ്‌റ വര്‍ഷം 1442ലെ ശഅ്ബാന്‍ മാസത്തിന് അവസാനമാകും.
ഏപ്രില്‍ 12 തിങ്കളാഴ്ച ദിവസം പുലര്‍ച്ചെ പ്രാദേശിക സമയം 5.31ന് റമദാന്‍ മാസപ്പിറവി സംഭവിക്കുമെന്നും സൂര്യാസ്തമയ സമയമായ 5.55 കഴിഞ്ഞ് വൈകിട്ട് 6.16നാകും ചന്ദ്രന്‍ അസ്തമിക്കുകയെന്നും ശൈഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സിലെ എഞ്ചിനീയര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. തിങ്കളാഴ്ച സൂര്യാസ്തമയ ശേഷവും 21 മിനിറ്റ് സമയത്തേക്ക് ചന്ദ്രന്‍ ദൃശ്യമാകും. അതേസമയം കാലാവസ്ഥാ സംബന്ധമായ ഘടകങ്ങള്‍, ഭൂമിശാസ്ത്രപരവും ഗോളശാസ്ത്രപരവുമായ ഘടകങ്ങള്‍ തുടങ്ങിയവ ചന്ദ്രപ്പിറവി കാണുന്നതിനെ ബാധിക്കാനിടയുണ്ടെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
എന്നാല്‍ റമദാന്‍ മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഔഖാഫ് മതകാര്യ മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിര്‍ണായക സമിതിക്ക് മാത്രമാണ്.