പ്രകടനപത്രിക ക്യാപ്‌സൂളാക്കണം; പൊങ്കാല പാടില്ല, ട്രോളിന് പരിധി വേണം; പൊല്ലാപ്പ് പിടിക്കാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാന്‍ അണികളോട് സി.പി.ഐ.എം

0
234

തിരുവനന്തപുരം: നിയമഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ സൂഷ്മതയോടെ ഇടപെടണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കി സി.പി.ഐ.എം.

എല്‍.ഡി.എഫ് പ്രകടന പത്രിക ക്യാപ്‌സൂള്‍ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കണം, ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങള്‍ അതത് ഗ്രൂപ്പുകളിലെത്തിക്കണം, തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.

വ്യക്തിഗത അക്കൗണ്ടുകള്‍ പരമാവധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രകടനപത്രിക പ്രചരിപ്പിക്കാനും ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ജാഗ്രതയോടെ വേണമെന്നും സി.പി.ഐ.എം ആവശ്യപ്പെടുന്നു. രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളില്‍ ‘പൊങ്കാല’യിടരുതെന്ന് അണികള്‍ക്ക് നിര്‍ദേശമുണ്ട്. ട്രോള്‍ വഴി മറ്റു പാര്‍ട്ടിയിലെ നേതാക്കളെ അധിക്ഷേപിക്കാന്‍ പാടില്ലെന്നും പറയുന്നു.

കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ഇടയാക്കിയത്.

ശബരിമല വിഷയത്തില്‍ വി.എം സുധീരന്റ പ്രസ്താവനകള്‍ എന്ന പേജില്‍ ‘പോരാളി ഷാജി’ , എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി, എന്നീ ഗ്രൂപ്പുകളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തേ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയറിയസംഭവത്തെ സി.പി.ഐ.എം. നവമാധ്യമ ഗ്രൂപ്പുകള്‍ ട്രോളാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

 

LEAVE A REPLY

Please enter your comment!
Please enter your name here