ഗാസിയാബാദ്: ബൈക്കില്‍ അപകടകരമായ സാഹസികത കാണിച്ച പെണ്‍കുട്ടികള്‍ക്ക് എട്ടിന്റെ പണി. വീഡിയോ ശരവേഗത്തില്‍ വൈറലായതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 28000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഗാസിയാബാദ് ട്രാഫിക് പോലീസ്. ട്രാഫിക് നിയമലംഘനത്തിനാണ് പോലീസ് സ്വമേധയാ കേസടുത്തത്.
ഗുസ്തിക്കാരിയായ സ്നേഹ രഘുവംശി എന്ന യുവതി സോഷ്യല്‍ മീഡിയ താരമായ ശിവാങ്കി ദബാസ് എന്ന യുവതിയെ ചുമലില്‍ ഇരുത്തി ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോ. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ വൈറലായിരുന്നു.
ബൈക്ക് ഓടിച്ച സ്നേഹ രഘുവംശിയുടെ അമ്മയ്ക്കാണ് 11000 രൂപ പിഴയുടെ ചലാന്‍ എത്തിയത്. ബൈക്കിന്റെ ഉടമയായ സജ്ജു കുമാറിന് 17000 രൂപ പിഴയും വിധിച്ചു. ലൈസന്‍സില്ലാതെ യാത്ര ചെയ്യല്‍, അനുമതിയില്ലാതെ പൊതുസ്ഥലത്ത് സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടത്.