ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫര്‍ണിച്ചര്‍ നല്‍കാമോയെന്ന് ആലപ്പുഴയിലെ ഫര്‍ണിച്ചര്‍ ഉത്പാദകരോട് റിലയന്‍സ്. 200 കോടിയോളം രൂപയുടെ ഓര്‍ഡറാണ് റിലയന്‍സ് നല്‍കിയിരിക്കുന്നത്.
ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തര്‍ദേശീയ വെര്‍ച്വല്‍ മേളയിലൂടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അന്വേഷണമെത്തിയത്.
കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണകമ്പനിയാണ് ഹൈഫണ്‍. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും വലിയ ഓര്‍ഡര്‍ പൂര്‍ത്തീകരികരിക്കാന്‍ സാധ്യമാകാത്തതിനാല്‍ മറ്റ് ഫര്‍ണിച്ചര്‍ ഉത്പാദകരും ചേര്‍ന്ന് ഓര്‍ഡര്‍ നല്‍കാനാകുമോയെന്ന ആലോചനയിലാണിപ്പോള്‍.
പ്രീമിയം സോഫ, ഡൈനിങ്ങ് സെറ്റ്, അലമാരകള്‍, കട്ടിലുകള്‍, ക്യാബിനറ്റ് എന്നിവയാണ് റിലയന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഫീസുകളിലേക്ക് കൂടാതെ വീടുകളിലേക്കും വി.ഐ.പി ഗസ്റ്റ് ഹൗസുകളിലേക്കും ഫര്‍ണിച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫര്‍ണിച്ചര്‍ ഉത്പാദകരുടെ വെര്‍ച്വല്‍മീറ്റ് വഴിയാണ് റിലയന്‍സിന്റെ വിളിയെത്തിയത്. ഇതിനോടകം തന്നെ 22 രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങളും ഓര്‍ഡറും ആദ്യമായി നടത്തുന്ന വെര്‍ച്വല്‍ മീറ്റിലൂടെ ലഭിച്ചിട്ടുണ്ടെന്നും ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍ അറിയിച്ചു.