കണ്ണൂര്‍ (www.mediavisionnews.in): സംഘപരിവാരത്തില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സിപിഐ എമ്മിലേക്ക് പ്രവഹിക്കുന്നത് ആര്‍എസ്‌എസ്സിന്റെ ഉറക്കം കെടുത്തുന്നു. എന്തുവില കൊടുത്തും ഈ ഒഴുക്ക് തടയണമെന്നാണ് അടുത്തിടെ കൊച്ചി എളമക്കരയില്‍ ചേര്‍ന്ന ആര്‍എസ്‌എസ് പ്രാന്തീയ ബൈഠക് തീരുമാനം. ഇതിനാവശ്യമായ അടിയന്തര “കര്‍മപരിപാടികള്‍ക്കും’ യോഗം രൂപം നല്‍കി.
പ്രചാരകന്മാര്‍ ഉള്‍പ്പെടെ കാവിരാഷ്ട്രീയത്തോട‌് വിടപറയുന്നതാണ് ആര്‍എസ്‌എസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. ഇത് കേരളത്തില്‍ സംഘത്തിന്റെ സംഘടനാ സംവിധാനംതന്നെ അവതാളത്തിലാക്കുമെന്നും ബൈഠക് വിലയിരുത്തി. സംസ്ഥാനത്തെ മുപ്പതില്‍പരം സംഘജില്ലകളുടെയും ബിജെപി, ബിഎംഎസ് തുടങ്ങിയ വിവിധ ഘടകങ്ങളുടെയും കാര്യകര്‍ത്താക്കളായ 350 പേരാണ് ബൈഠക്കില്‍ പങ്കെടുത്തത്.
നാലഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന‌് നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപിയില്‍നിന്നും ആര്‍എസ്‌എസ്സില്‍നിന്നും രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ബിജെപി ദേശീയസമിതി അംഗമായിരുന്ന ഒ കെ വാസു, മുന്‍ ജില്ലാ സെക്രട്ടറി എ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പേര്‍ ഒറ്റയടിക്ക് സിപിഐ എമ്മിലെത്തി. ശക്തികേന്ദ്രങ്ങളായിരുന്ന പൊയിലൂര്‍, ചെറുവാഞ്ചേരി, കണ്ണൂര്‍ അമ്ബാടി മുക്ക് എന്നിവിടങ്ങളിലൊക്കെ ബിജെപി തകര്‍ന്നടിഞ്ഞു.
ബിജെപിയില്‍നിന്നാണ് ഇവരൊക്കെ പോയതെന്നും ആര്‍എസ്‌എസ്സിനെ ബാധിക്കില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ ദേശീയതലത്തിലടക്കം അറിയപ്പെടുന്ന പ്രചാരക് സുധീഷ് മിന്നി കാവിക്കൊടിയോട‌് വിടപറഞ്ഞപ്പോള്‍ ഈ വാദവും പൊളിഞ്ഞു. പ്രചാരകന്മാരായിരുന്ന തലശേരി ധര്‍മടത്തെ സുബഹ്, തിരുവന്തപുരത്തെ വിഷ്ണു തുടങ്ങിയവരും വൈകാതെ ആര്‍എസ്‌എസ് വിട്ടു. കഴിഞ്ഞ ദിവസമാണ് ആര്‍എസ്‌എസ് നേതാവും സംഘപ്രസ്ഥാനമായ ക്രീഡാഭാരതി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വി രാജഗോപാലും യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ ഭാര്യ സീമയും കാവി രാഷ്ട്രീയം ഉപേക്ഷിച്ചത്.
ഈ സ്ഥിതിക്ക് തടയിട്ടില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. തൃശൂര്‍ സ്വദേശിയായ തിരുവനന്തപുരം വിഭാഗ് പ്രചാരക്, കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ പാലക്കാട് വിഭാഗ് പ്രചാരക്, തിരുവനന്തപുരം സ്വദേശിയായ ഒറ്റപ്പാലം ജില്ലാ പ്രചാരക് തുടങ്ങിയവരാണ് കടുത്ത ആശങ്ക പങ്കുവച്ചത്.
വിട്ടുപോയവരില്‍ ആരെയെങ്കിലും അപായപ്പെടുത്തുന്നടക്കമുള്ള “അറ്റകൈ പ്രയോഗം’ തന്നെ വേണ്ടിവരുമെന്നും ഇവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
ഈ നിലപാടിനോട് വിയോജിക്കുന്ന ചിലരും ബൈഠക്കിലുണ്ടായിരുന്നു. അവരിലൂടെയാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മോന്തായം വളഞ്ഞു: ബിജെപി ജില്ലാ സെക്രട്ടറി
സംസ്ഥാനത്ത് സംഘപരിവാര രാഷ്ട്രീയത്തിന്റെ മോന്തായംതന്നെ വളഞ്ഞുവെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി. തലശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ അഡ്വ. വി രത്നാകരനാണ‌് ഫെയ്സ്്ബുക്കില്‍ പാര്‍ടിയുടെ ഗതികേടിനെ കുറിച്ച‌് പോസ‌്റ്റിട്ടത‌്.
‘മോന്തായം വളഞ്ഞാല്‍ 64 കഴുക്കോലും വളയും. വാരിയും വളയും സ്ഥാനം തെറ്റും. മേല്‍ക്കൂര താഴും. തറവാട് നിലംപതിക്കും. വളയാത്ത മോന്തായത്തിന് കട്ടിത്തടി ഇരുള്‍ ആണ് നല്ലത്. കാതലും വേണം.
കാഴ്ചഭംഗിക്കു കാതലില്ലാത്ത വെള്ളമരം മതിയെന്നുവച്ചാല്‍ കാറ്റുവരുമ്ബോള്‍ തറവാട്ടു കാരണവരുടെ നെടുംപുറത്താണ് കെട്ടു നിലംപൊത്തുക. പഴയ വീടുകള്‍ക്ക് തൂണുകള്‍ ബലിഷ്ഠങ്ങളായിരുന്നു. തൂണുകള്‍ നിഴലായ പുതുകാലത്ത് ബലവും കരുത്തുമൊക്കെ സങ്കല്‍പ്പങ്ങള്‍ മാത്രം. നല്ല വീട് പണിയണം. തൂണുകള്‍ക്കും മോന്തായത്തിനും കഴുക്കോലിനും ബലം. കാഴ്ചക്ക് ഭംഗി. കേള്‍വിക്കു സംഗീതം. കാര്യത്തില്‍ സന്തോഷം. ഇതു വെറും ആത്മഗതമാണ്. ഭ്രാന്തോളമെത്തുന്ന വെറും ജല്‍പ്പനം’ . ഫേസ‌്ബുക്ക‌് പോസ‌്റ്റ‌് തുടരുന്നു .