രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണവുമായി യാത്ര ചെയ്താൽ നടപടി

0
204

കാസർകോട്∙ മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണം കൈവശം വച്ച്  യാത്ര ചെയ്താൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സർവലൈൻസ് ടീമിന്റെ ഫ്ലൈയിങ് സ്‌ക്വാഡുകൾ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി വാഹനങ്ങളിൽ യാത്ര  ചെയ്യുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും

വോട്ടർ പട്ടികയിൽ 9 വരെ പേര് ചേർക്കാം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 9 വരെ അവസരമുണ്ട്. www.nsvp.in –ൽ വഴിയും വോട്ടർ ഹെൽപ്‌ലൈൻ എന്ന ആപ്ലിക്കേഷനിലൂടെയും  വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.

സ്പെഷൽ പൊലീസ് ഓഫിസർമാരാകാം

നിയമസഭാ  തിരഞ്ഞെടുപ്പിൽ  പോളിങ് ബൂത്തുകളിൽ  സ്പെഷൽ പൊലീസ് ഓഫിസർമാരാകാൻ അവസരം. വിമുക്ത ഭടന്മാർ, റിട്ട. പൊലീസ് ഉദ്യോഗസ്ഥർ, മറ്റു സേനാ വിഭാഗത്തിൽ നിന്നു വിരമിച്ചവർ, എൻസിസി, സ്റ്റുഡന്റ് പൊലീസ്  കെഡറ്റ് തുടങ്ങിയവയിൽ പ്രവർത്തിച്ച 18 പൂർത്തിയായവർക്ക് അപേക്ഷിക്കാം.  8നകം  സമീപത്തെ പൊലീസ് സ്റ്റേഷനിൽ പേര് നൽകണമെന്ന് ജില്ലാ  പൊലീസ് മേധാവി പി.ബി.രാജീവ് അറിയിച്ചു.

അഞ്ച് മണ്ഡലങ്ങളിലും വിഡിയോ  സർവൈലൻസ് ടീം  റെഡി

ജില്ലയിലെ 5 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഒന്ന് വീതം വിഡിയോ സർവൈലൻസ് ടീം രൂപീകരിച്ചു.  ഓരോ ടീമിലും കുറഞ്ഞത് ഒരു ഉദ്യോഗസ്ഥനും ഒരു വിഡിയോഗ്രാഫറും ഉണ്ടാകും. മണ്ഡലങ്ങളിലെ സുപ്രധാന സംഭവങ്ങളുടെയും വലിയ പൊതുറാലികളുടെയും വിഡിയോഗ്രാഫി അസിസ്റ്റന്റ് എക്സപെൻഡിച്ചർ ഒബ്സർവർ നേരിട്ട് നിരീക്ഷിക്കും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം

സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുന്നതിന് വിവിധ ഇനങ്ങളുടെ നിരക്കുകൾ നിശ്ചയിക്കുന്നതിനും സ്ഥാനാർഥി കണക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ നൽകുന്നതിനും ജില്ലയിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് 11നു കലക്ടറുടെ ചേംബറിൽ നടക്കും.

പണം പിടിച്ചെടുക്കൽ: അപ്പീൽ കമ്മിറ്റി  രൂപീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി പിടിച്ചെടുക്കുന്ന പണം, വസ്തുക്കൾ എന്നിവ പരിശോധിക്കുന്നതിനും നിയമവിധേയമാണെങ്കിൽ തിരിച്ചുനൽകുന്നതിനുമായി ജില്ലാ ഫിനാൻസ് ഓഫിസർ കൺവീനറായി അപ്പീൽ കമ്മിറ്റി രൂപീകരിച്ചു. പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണിത്. കമ്മിറ്റിയിൽ പ്രൊജക്ട് ഡയറക്ടർ കെ. പ്രദീപൻ, ജില്ലാ ട്രഷറി ഓഫിസർ കെ. ജനാർദനൻ എന്നിവർ അംഗങ്ങളാണ്.

കോവിഡ് വാക്സിനേഷൻ തുടങ്ങി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും കോവിഡ് വാക്‌സിനേഷൻ നൽകുന്നതിന് ജില്ലയിൽ തുടക്കമായി.  കാസർകോട് വിദ്യാനഗർ സിവിൽ സ്‌റ്റേഷൻ, കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ, കാസർകോട് താലൂക്ക് ഓഫിസ്, കാസർകോട് സിപിസിആർഐ എന്നിവിടങ്ങളിലാണ് വാക്‌സീൻ നൽകി തുടങ്ങിയത്. ഈ നാല് മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പുറമെ 15 പതിവ് വാക്സിനേഷൻ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ–ജനറൽ ആശുപത്രി, നീലേശ്വരം, തൃക്കരിപ്പൂർ, മംഗൽപ്പാടി, പനത്തടി എന്നിവിടങ്ങളിലെ താലൂക്കാശുപത്രി,  ചെറുവത്തൂർ, കുമ്പള, സിഎച്ച്സി,  ചട്ടഞ്ചാൽ, ഉദുമ, കരിന്തളം പിഎച്ച്സി, കയ്യൂർ, ഓലാട്ട്, പടന്ന, അജാനൂർ എന്നിവിടങ്ങളിലാണ് പതിവ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്. ഇനിയും വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള മുഴുവൻ പോളിങ്  ഉദ്യോഗസ്ഥരും അടുത്ത 2 ദിവസങ്ങളിലായി വാക്സിൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അഭ്യർഥിച്ചു.

വില നിശ്ചയിക്കുന്നതിന് യോഗം ചേർന്നു

കാസർകോട്∙ നിയമസഭ തിരഞ്ഞെടുപ്പിന്   മുന്നോടിയായി വ്യത്യസ്ത സാധന സാമഗ്രികളുടെ ചെലവുകൾ കൃത്യമായി വിലയിരുത്തി വില നിശ്ചയിക്കുന്നതിന് യോഗം ചേർന്നു. ഫിനാൻസ് ഓഫിസർ  കെ.സതീശൻ അധ്യക്ഷത വഹിച്ചു.

ഡപ്യൂട്ടി   തഹസിൽദാർ സി.ബിനോ, ആർടിഒ എ.കെ രാധാകൃഷ്ണൻ, പൊതുമരാമത്ത് വിഭാഗം (ബിൽഡിങ്സ്) കാസർകോട് ഡിവിഷൻ അസി. എൻജിനീയർ അനസ് അഷറഫ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, അസി. ഇൻഫർമാറ്റിക്സ് ഓഫിസർ കെ. ലീന, ഇക്കണോമിക്സ് ആൻഡ്  സ്റ്റാറ്റിസ്റ്റിക്കൽ അഡീഷനൽ ജില്ലാ ഓഫിസർ പി.രാധാകൃഷണൻ, കാസർകോട് തഹസിൽദാർ പി. വിജയൻ,  പ്രിന്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ.മുജീബ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here