ന്യൂഡൽഹി: ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഭാര്യ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. തന്റെ കൂടെ ജീവിക്കാൻ ഭാര്യയ്ക്ക് നിർദേശം നൽകണമെന്ന യുവാവിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
‘നിങ്ങൾ ചിന്തിക്കുന്നത് എന്താണ്? ഒരുത്തരവ് പുറപ്പെടുവിക്കാനും നിങ്ങളുടെ കൂടെ പോകണമെന്ന് പറയാനും ഭാര്യ ഭർത്താവിന്റെ സ്വത്താണോ?’ ബഞ്ച് ചോദിച്ചു.
കുറച്ചുകാലമായി അകന്നു കഴിയുകയാണ് ഇരുവരും. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം മൂലം യുവതി 2013ൽ ഗോരഖ്പൂർ കുടുംബകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും നേടി. പ്രതിമാസം ഭാര്യയ്ക്ക് ചെലവിനായി ഇരുപതിനായിരം രൂപ നൽകണമെന്നായിരുന്നു വിധി. ഇതിനു പിന്നാലെ കൂടെ ജീവിക്കാൻ സന്നദ്ധമാണ് എന്നറിയിച്ച് ഭർത്താവ് മേൽക്കോടതിയിൽ ഹർജി നൽകി.
കൂടെ ജീവിക്കാൻ തയ്യാറായ തനിക്ക് ഹിന്ദു സ്‌പെഷ്യൽ മേര്യേജ് ആക്ട് പ്രകാരം ജീവനാംശം നൽകേണ്ടതില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാൽ അലഹബാദ് ഹൈക്കോടതി ആവശ്യം തള്ളി. ഇതേത്തുടർന്നാണ് ഇദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.
ജീവനാംശം നൽകുന്നത് ഒഴിവാക്കാനുള്ള കളികളാണ് ഭർത്താവിന്റേത് എന്നാണ് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനുപം മിശ്ര വാദിച്ചത്. യുവതിക്കൊപ്പം ജീവിക്കാൻ സന്നദ്ധമാണെന്നും അതിന് ഉത്തരവിടണമെന്നുള്ള ഭർത്താവിന്റെ അഭിഭാഷകന്റെ വാദത്തിനിടെയാണ് കോടതി നിങ്ങളുടെ സ്വകാര്യ സ്വത്താണോ എന്ന് കോടതി ചോദിച്ചത്.
2018ലും കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. ഭാര്യ സ്വത്തോ, വസ്തുവോ അല്ലെന്നും ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഉത്തരവിടാൻ ആകില്ല എന്നുമായിരുന്നു ജസ്റ്റിസ് മദൻ ബി ലോകുർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവർ അടങ്ങുന്ന ബഞ്ച് വ്യക്തമാക്കിയിരുന്നത്.