മദ്രസകളിൽ ഇനി ഗീതയും രാമായണവും; നിയോസ് കരിക്കുലം വിവാദത്തിൽ

0
184

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിന്റെ പുതിയ കരിക്കുലത്തിൽ ഗീതയും രാമായണവും. നിയോസിന് കീഴിലുള്ള മദ്രസകളിലും ഇവ പഠിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കരിക്കുലം പരിഷ്‌കരിച്ചത്.

ഭാരതീയ ജ്ഞാനപരമ്പര എന്ന പേരിലാണ് പുതിയ കോഴ്‌സുകൾ അവതരിപ്പിക്കുന്നത്. യോഗ, വേദം, ശാസ്ത്രം, വൊക്കേഷണൽ സ്‌കിൽ, സംസ്‌കൃതം, രാമായണം, മഹാഭാരതം, ഭഗവ് ഗീത, മഹേശ്വര സൂത്ര എന്നിങ്ങനെ 15 കോഴ്‌സുകളാണ് പരമ്പരയ്ക്ക് കീഴിലുള്ളത്.

പതഞ്ജലി കൃതസൂത്ര, യോഗസൂത്ര, സൂര്യനമസ്‌കാരം, ആസന, പ്രണായാമം തുടങ്ങിയവയാണ് യോഗയ്ക്ക് കീഴിലുള്ളത്. വൊക്കേഷണൽ സ്‌കിൽസിന് കീഴിൽ പശുത്തൊഴുത്ത് വൃത്തിയാക്കലും ഉദ്യാനപരിപാലനവും കൃഷിയുമുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ രമേശ് പൊഖ്‌റിയാൽ ആണ് പുതിയ കരിക്കുലം പുറത്തിറക്കിയത്. നിയോസിന് കീഴിലുള്ള മദ്രസകളിലേക്കും കരിക്കുലം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തിൽ നൂറ് മദ്രസകളിലാണ് ഇത് നടപ്പാക്കുക. പിന്നീട് അഞ്ഞൂറു മദ്രസകളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിയോസ് ചെയർമാൻ സരോജ് ശർമ്മ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പൊതു വിദ്യാഭ്യാസ സംവിധാനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്‌കൂളിങ് എന്നറിയപ്പെടുന്ന നിയോസ്. സ്‌കൂളിൽ പോകാൻ കഴിയാത്തവർ, ഇടയ്ക്കു വച്ച് പഠനം നിർത്തിയവർ തുടങ്ങിയവരാണ് നിയോസിനെ പ്രധാനമായും ആശ്രയിക്കുന്നത്. നിയോസിന്റെ മൈനോറിറ്റി സെല്ലിന് കീഴിലാണ് മദ്രസകൾ പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here