ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരവ് ശര്‍മ എന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഗൗരവ് ശര്‍മ 2018-ല്‍ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍കിടന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹാഥ്‌റസ് പോലീസ് അറിയിച്ചു. ഗൗരവ് ശര്‍മയുടെ കുടുംബാംഗമായ ഒരാളെയാണ് പോലീസ് പിടികൂടിയത്.
അതിനിടെ, കൊല്ലപ്പെട്ടയാളുടെ മകള്‍ പോലീസ് സ്‌റ്റേഷന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദയവായി എനിക്ക് നീതി നല്‍കൂ എന്നുപറഞ്ഞാണ് പെണ്‍കുട്ടി കരയുന്നത്. ‘അയാളുടെ പേര് ഗൗരവ് ശര്‍മയെന്നാണ്. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു. ഇപ്പോള്‍ എന്റെ അച്ഛനെ വെടിവെച്ച് കൊന്നു. അയാളും ആറേഴ് പേരും എന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ല’- പെണ്‍കുട്ടി പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഹാഥ്‌റസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുശേഷവും ഹാഥ്‌റസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പെണ്‍കുട്ടിയെ വയലില്‍ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.