കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച സംഭവം: നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക

0
199

തലപ്പാടി (കാസര്‍കോട്): കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക- കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ഇന്ന് മുതല്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് കര്‍ശനമായി നടപ്പാക്കില്ല. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇളവ്. കേളത്തില്‍ കൊവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമേ സംസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്. കാസര്‍കോടുനിന്നുള്ള അഞ്ച് ചെക്ക് പോസ്റ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ വഴികളുമാണ് കര്‍ണാടക അടച്ചത്.

തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം പ്രതിഷേധവും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍, രണ്ടുദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന നിലപാടാണ് കര്‍ണാടക ചൊവ്വാഴ്ച സ്വീകരിച്ചത്. എന്നാല്‍, പുതിയ ചില നിര്‍ദേശം കര്‍ണാടക മുന്നോട്ടുവച്ചിട്ടുണ്ട്.

തലപ്പാടി ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം കര്‍ണാടക തന്നെ ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് കര്‍ണാടകയുടെ പുതിയ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് അതിര്‍ത്തിയില്‍ സാംപിളുകള്‍ ശേഖരിക്കുന്നതിന് പകരം കോളജുകളില്‍ അതിനുള്ള സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിവാദ ഉത്തരവിനെതിരേ നല്‍കിയ ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here