കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഇന്നത്തേക്ക് ഇളവ്. ഇന്ന് ഒരു ദിവസം കൂടി അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നാളെ മുതല്‍ അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകളൊഴികെ ബാക്കിയെല്ലാം ബാരിക്കേഡുകളും മറ്റും വെച്ച് അടച്ചിരുന്നു. തലപ്പാടിയുള്‍പ്പെടെയുള്ള അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്നത്തേക്ക് ഇതിലെല്ലാം ഇളവ് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.
ഈ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
ചരക്കുവാഹനങ്ങളടക്കമാണ് ബാവലിയില്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ തടയുന്നത്. കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിലേക്കും ഗതാഗത കുരിക്കിലേക്കും നയിച്ചു. തുടര്‍ന്ന് കേരളത്തിലേക്കുള്ള കര്‍ണാടകയുടെ വണ്ടികള്‍ യാത്രക്കാര്‍ തടഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ 15 ദിവസം കൂടുമ്പോള്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികളടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.