മഞ്ചേശ്വരത്ത് വീണ്ടും സുരേന്ദ്രൻ? വിജയസാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വം

0
166

കാസർകോട്: ബിജെപിയുടെ എ ഗ്രേഡ് മണ്ഡലത്തിലുൾപ്പെട്ട മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍റെ വിജയസാധ്യത പരിശോധിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം. കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ, ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് മത്സരിക്കും. കാസർകോട് മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി. നായ്കിനെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.

ഒടുവിൽ മഞ്ചേശ്വരത്ത് മത്സരിച്ച 2016 ൽ കെ സുരേന്ദ്രൻ ലീഗിനോട് തോറ്റത് 89 വോട്ടുകൾക്ക് മാത്രമായിരുന്നു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിന് ബിജെപി തോറ്റതും അന്നായിരുന്നു. സുരേന്ദ്രന്‍റെ ജനസ്വീകാര്യതയിൽ ഇത്തവണ മഞ്ചേശ്വരം പിടിക്കാനാകുമോ എന്ന സാധ്യത പരിശോധിക്കാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. സുരേന്ദ്രനില്ലെങ്കിൽ ജില്ലയിലെ പ്രവർത്തകർക്കിടയിൽ നടത്തിയ സർവ്വേയിൽ കൂടുതൽ പിന്തുണ കിട്ടിയ ജില്ലാ അധ്യക്ഷൻ കെ.ശ്രീകാന്ത് സ്ഥാനാർത്ഥിയായേക്കും.

2019 ലെ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി തോറ്റത് ഏഴായിരത്തിലേറെ വോട്ടുകൾക്കാണ്. ജില്ലാ അധ്യക്ഷൻ കെ. ശ്രീകാന്തിന്‍റെ എതിർ ചേരിയിലുൾപ്പെട്ട രവീശ തന്ത്രി കുണ്ടാർ സ്ഥാനാർത്ഥിയായപ്പോൾ പാർട്ടിയിലെ വിഭാഗീതയാണ് തിരിച്ചടിയായത്. സജീവരാഷ്ട്രീയം ഉപേക്ഷിച്ച രവീശ തന്ത്രി ഇത്തവണ മത്സരംഗത്തില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് കെ.ശ്രീകാന്ത് പക്ഷം. വലിയ പ്രതീക്ഷയില്ലെങ്കിലും രണ്ടാം സ്ഥാനത്ത് തുടരുന്ന കാസർകോട് മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി.നായ്കിന‍്റെ പേരിനാണ് മുൻഗണന. ജില്ലാ നേതാക്കളായ സദാനന്ദറായ്,എൻ.സതീഷ് എന്നിവരേയും പാർട്ടി പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here