സംസ്ഥാനത്ത് ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കെ.സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടെങ്കിലും, ജില്ലാ നേതാക്കള്‍ തന്നെ മത്സരിക്കാനാണ് സാധ്യത.
മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016 ലെ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ അരികെ എത്തിയതുമാണ്. മുസ്ലീംലീഗിന്റെ പി.ബി.അബ്ദുല്‍ റസാഖ് 89 വോട്ടിനാണ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. 2011 ല്‍ സുരേന്ദ്രനെതിരെ അയ്യായിരത്തിലേറെ വോട്ടായിരുന്നു ഭൂരിപക്ഷം. സിറ്റിംഗ് എംഎല്‍എ എം.സി. കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശത്തില്‍ ലീഗ് കോട്ടകളിലെ തോല്‍വിയും ബിജെപിക്ക് പ്രതീക്ഷയാണ്.
ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ട്. നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരെയും പരിഗണിച്ചേക്കാം. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ചേരുമ്പോള്‍ വിജയഫോര്‍മുലയാകുമെന്ന് ബിജെപി കരുതുന്നു.