തിരുവനന്തപുരം∙ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയുടെ നേതൃത്വത്തിൽ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ 12 മുതൽ 15 വരെ കേരളത്തിലുണ്ട്. സാധാരണ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇൗ യാത്ര കഴിഞ്ഞ് ഡൽഹിയിലെത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. എന്നുവച്ചാൽ ഫെബ്രുവരി 20നോ അതിനു മുൻപോ പ്രഖ്യാപനം വരുമെന്നർഥം.
അങ്ങനെ വന്നാൽ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ 2 മന്ത്രിസഭാ യോഗങ്ങളാകും ഇനിയുണ്ടാകുക. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉള്ള രീതികൾ മന്ത്രിസഭായോഗ തീരുമാനങ്ങളിലും കഴിഞ്ഞ 2 മന്ത്രിസഭാ യോഗങ്ങളിലും കണ്ടു തുടങ്ങിയിരുന്നു. സാധാരണ 25 കാര്യങ്ങൾ വരെയാണ് അജൻഡയിൽ വന്നിരുന്നതെങ്കിൽ ഇപ്പോഴത് 100 ഉം 110 ആയി മാറി. സ്ഥിരപ്പെടുത്തലും പിൻവാതിൽ നിയമനങ്ങളും അങ്ങനെ എല്ലാമെല്ലാമായി പൊടിപൊടിക്കും ഇനി 2 മന്ത്രിസഭാ യോഗം കൂടി.
ഇടതുമുന്നണിക്കു തുടർഭരണമുണ്ടാകുമോ ? ഉണ്ടാകുമെന്നുണ്ടെങ്കിൽ എന്തിനാണ് അവസാനതള്ളിക്കയറ്റൽ പോലെ ഇത്തരത്തിൽ പേരുദോഷമുണ്ടാക്കി സ്വന്തക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്… ഇതു കണ്ടാൽ തോന്നുക തുടർഭരണമുണ്ടാകില്ലെന്നല്ലേ.. ഇതൊക്കെയാണ് സിപിഎമ്മിൽ തന്നെ ഉയരുന്ന ചർച്ചകളെങ്കിൽ സിപിഎമ്മിന്റെ ഔദ്യോഗികമായ മറുപടിയുണ്ട്. കോവിഡ് കാലം ഭരണത്തിന്റെ നല്ലൊരു ഭാഗം കവർന്നു. അതുകൊണ്ട് ഫയലുകൾ പെൻഡിങ് ആയത് ഇപ്പോൾ തീർപ്പാക്കുന്നുവെന്നൊരുവാദമാണ് . താൽകാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ പ്രവർത്തനമാണെന്നും സിപിഎം നേതൃത്വവും മന്ത്രിമാരും വിലയിരുത്തുകയും ചെയ്യുന്നു. പക്ഷേ പാർട്ടിയിൽ തന്നെ താഴെത്തട്ടിൽ യുവജന നേതാക്കളിൽ വിരുദ്ധാഭിപ്രായവുമുണ്ട്. ഇങ്ങനെ തിരുകികയറ്റൽ യുവാക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കും. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചോദ്യമുയരുമെന്നൊക്കെയാണ് ആ നേതാക്കളുടെ ആശങ്ക.
ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ അവസാനയാത്രയായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ കേരളത്തിലെത്തുന്നത്. ബംഗാളും തമിഴ്നാടും യാത്ര കഴിഞ്ഞാണ് കേരളത്തിലേക്ക്. തമിഴ്നാടും ബംഗാളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും തുടങ്ങി. കേരളത്തിൽ കോൺഗ്രസ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് രമേശ് െചന്നിത്തല ഐശ്വര്യ കേരള യാത്ര തുടങ്ങിയപ്പോൾ ബംഗാളിൽ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നഡ്ഡ തന്നെ നേരിട്ടിറങ്ങി രഥയാത്ര തുടങ്ങിവച്ചു.
കേരളത്തിൽ ശബരിമലയും സ്വർണ്ണക്കടത്തും പ്രധാനമായി ചർച്ചയ്ക്ക് പ്രതിപക്ഷമെടുത്തിരുന്നെങ്കിൽ സർക്കാർ തന്നെ കൊണ്ടുകൊടുത്ത പിൻവാതിൽ നിയമനമാണ് തെരുവിൽ തെളിയുന്നത്. യുവനേതാക്കളുടെ ഭാര്യമാരെ സ്ഥിരപ്പെടുത്തലും പിൻവാതിൽ നിയമനത്തിൽ സോളർ പരാതിക്കാരിയുടെ ഇടനിലയും കൂടി വന്നതോടെ തിരഞ്ഞെടുപ്പു വിഷയങ്ങൾ മാറിമറിഞ്ഞു തുടങ്ങി കേരളത്തിൽ.