ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ശേഖരിച്ച അഞ്ചര കോടി രൂപയുടെ കണക്കുകള്‍ സിപിഐഎം പുറത്തുവിട്ടാല്‍, യൂത്ത് ലീഗും ഫണ്ട് വിവരങ്ങള്‍ പുറത്തുവിടുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍. കത്വ സംഭവം വിവാദമാക്കിയതിന് പിന്നില്‍ സിപിഐഎമ്മാണെന്നും വിവാദം സംഘപരിവാറിനെ മാത്രമേ സഹായിക്കൂയെന്നും സുബൈര്‍ പറഞ്ഞു.
സുബൈര്‍ പറയുന്നത് ഇങ്ങനെ: ”ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സിപിഐഎം അഞ്ചര കോടി രൂപ ശേഖരിച്ചിട്ടുണ്ട്. ഞങ്ങളോട് കണക്ക് ചോദിച്ചിരിക്കുന്നത് സിപിഐഎം നേതാക്കളാണ്. ഡല്‍ഹി കലാപത്തിനിരയായവരെ സഹായിക്കാനുള്ള ഫണ്ട് ചിലവാക്കിയത് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് സിപിഐഎം ഹാജരാക്കിയാല്‍, പിറ്റേദിവസം യൂത്ത് ലീഗ് ഫണ്ടിനെക്കുറിച്ച് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടും. എല്ലാ കണക്കുകളും കൈവശമുണ്ടന്നാണ് സിപിഐഎം പറയുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടി കളക്ഷന്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് സാധാരണ ഹാജരാക്കാറില്ല. ഈ സംഭവം വിവാദമാക്കിയത് സിപിഐഎം കേന്ദ്രമാണ്. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐക്കാരനായ ഡല്‍ഹിയിലെ ഒരു അഭിഭാഷകനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇപ്പോഴത്തെ വിവാദം സംഘപരിവാറിനെ മാത്രമേ സഹായിക്കൂ. സംഘികള്‍ക്ക് ഗുണകരമാകുന്ന നീക്കം സിപിഐഎം ഉപേക്ഷിക്കണമെന്നാണ് യൂത്ത് ലീഗിന് ആവശ്യപ്പെടാനുള്ളത്. ഡിവൈഎഫ്‌ഐയുടെ ഒരു നോട്ടം പോലും ഈ കേസിലേക്ക് എത്തിയിട്ടില്ല. പക്ഷേ അവരുടെ പോസ്റ്ററിലെല്ലാം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നു.”
കത്വ, ഉന്നാവോ ഇരകളുടെ കുടുംബത്തിന് വേണ്ടി നടത്തിയ ഫണ്ട് ശേഖരണം സംബന്ധിച്ച വിവാദങ്ങളിലും സികെ സുബൈര്‍ മറുപടി നല്‍കി. അഭിഭാഷകനായ മുബീന്‍ ഫാറൂഖി വഴിയാണ് ദീപിക സിംഗ് കത്വ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്നും കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് മുബീന്‍ ഫാറൂഖിയാണെന്നും സുബൈര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ച എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ട്. മുബീന്‍ കേസില്‍ ഹാജരായത് ഇരയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്ന് പറഞ്ഞ സുബൈര്‍ ഇതിന്റെ തെളിവും പുറത്തുവിട്ടു. പത്താന്‍കോട്ട് കോടതിയുടെ വിധി പകര്‍പ്പാണ് ഹാജരാക്കിയത്. യൂത്ത് ലീഗ് നേതാക്കള്‍ ഇദ്ദേഹത്തിനൊപ്പം കോടതി മുറ്റത്ത് മാധ്യമങ്ങളെ കാണുന്ന ചിത്രങ്ങളും പുറത്തുവിട്ടു. കേസില്‍ രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായത്. ദീപികയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. പത്താന്‍കോട്ട് കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് മുബീന്‍ ഫാറൂഖിയാണെന്നും സുബൈര്‍ പറഞ്ഞു. ശേഖരിച്ച ഫണ്ട് വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്നും സുബൈര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിംഗ് പറഞ്ഞിരുന്നു. കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞിരുന്നു.
യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവുമായി കഴിഞ്ഞദിവസം രംഗത്തെത്തിയത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. പികെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.