അഞ്ച് പൂച്ചകള്‍ ഒന്നൊന്നായി ചത്തു;അയല്‍ക്കാരനെതിരേ പോലീസ് കേസ്, മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം

0
165

കോഴിക്കോട്: അടുത്തവീട്ടില്‍നിന്നു തിരിച്ചെത്തിയ അഞ്ചുപൂച്ചകള്‍ ഒന്നൊന്നായി ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരേ കേസെടുത്ത് പോലീസ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് തറ്റാംകൂട്ടില്‍ സന്തോഷിന്റെ പേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

മുണ്ടിക്കല്‍താഴം എടത്തില്‍ വീട്ടില്‍ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ.കെ. ഹേനയാണ് വീട്ടിലെ അരുമകളായ പൂച്ചകളുടെ ദാരുണാന്ത്യത്തില്‍ മനംനൊന്ത് പരാതി കൊടുത്തത്. വീട്ടിനകത്തു വളര്‍ത്തുന്ന പൂച്ചകള്‍ കണ്‍മുമ്പില്‍ ചത്തുവീണതിന്റെ നൊമ്പരത്തിലാണ് ഹേനയും മക്കളായ ഡോ. ഇ. മിഥുനും ഇ. സോനയും.

ഫെബ്രുവരി ഒന്നിനു രാത്രി പത്തുമണിയോടെ അയല്‍വീട്ടില്‍നിന്ന് മതില്‍ചാടി തിരിച്ചെത്തിയ കറുത്ത പൂച്ച മുറ്റത്ത് പിടഞ്ഞുചത്തു. തുടര്‍ന്ന് രണ്ട് പൂച്ചക്കുട്ടികള്‍കൂടി തിരിച്ചെത്തി. അടുത്തദിവസം രാവിലെയോടെ ബ്രൗണ്‍നിറത്തിലുള്ള പൂച്ചയും മകന്റെ മുറിയില്‍ കിടന്നിരുന്ന വെള്ളപ്പൂച്ചയും വായില്‍നിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയുടെ അന്ത്യം. അഞ്ചാമത്തെ പൂച്ച അയല്‍ക്കാരന്റെ വീട്ടില്‍ത്തന്നെ ചത്തതിനെത്തുടര്‍ന്ന് അവര്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു.

നാലാമത്തെ പൂച്ചയും ചത്തതോടെയാണ് ഹേന പോലീസില്‍ പരാതി നല്‍കിയത്. പൂച്ചശല്യം കൂടുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ വിഷംകൊടുത്തു കൊല്ലുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മ പറഞ്ഞു. ആദ്യത്തെ പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളില്‍ച്ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്നറിയാന്‍ കഴിഞ്ഞത്. മറ്റെല്ലാ പൂച്ചകളെയും കുഴിച്ചുമൂടിയതിനാല്‍ നാലാമത്തെ പൂച്ചയുടെ ജഡമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്.രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here