ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു: അളകനന്ദ നദിയിലെ ഡാം തകര്‍ന്നു, 150 പേര്‍ മരിച്ചതായി സംശയം

0
421

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ കൂടിയെത്തും. സംസ്ഥാന ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗമിക്കുകയാണ്.

ഏത് സമയത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ് ജോഷിമഠ്. വലിയ മഞ്ഞുമല പൂര്‍ണമായും ഇടിഞ്ഞു വീഴുകയായിരുന്നു. ഋഷിഗംഗ പ്രോജക്ടിനും കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here