വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്‌ഐയെ മിനി ലോറി കയറ്റിക്കൊന്നു

0
262

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിന്റെ വിരോധത്തില്‍ എസ്‌ഐയെ മിനിലോറി കയറ്റിക്കൊന്നു. തൂത്തുക്കുടി ഏറല്‍ സ്റ്റേഷനിലെ എസ്‌ഐ ബാലുവാണ് അതിദാരുണമായി കൊല്ലപെട്ടത്.

സംഭവത്തെ കുറിച്ചു തൂത്തുക്കുടി എസ്പി എസ്.വിജയകുമാര്‍ പറയുന്നത് ഇങ്ങനെ:

പട്രോളിങ്ങിനിടെ ഏറല്‍ ബസാറില്‍ മദ്യപിച്ചു ബഹളം വച്ച വേലവേളാന്‍ സ്വദേശി മുരുകവേലിനെ കസ്റ്റഡിയിലെടുക്കാന്‍ എസ്‌ഐ ബാലുവും സംഘവും ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് താക്കീതില്‍ ഒതുക്കി വിട്ടു. തുടര്‍ന്ന് രാത്രി പന്ത്രണ്ടുമണിയോടെ പട്രോളിങ് സംഘം ഇയാളുടെ വീടിനു സമീപത്തെത്തി. ഈസമയത്തു മുരുകവേല്‍ മദ്യപിച്ചു ലക്കുകെട്ട് റോഡില്‍ നില്‍ക്കുകയായിരുന്നു. ടൗണിലുണ്ടായ സംഭവങ്ങള്‍ പൊലീസുകാര്‍ ഇയാളുടെ ഭാര്യയെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ മുരുകവേല്‍ പൊലീസുകാരുടെ ബൈക്കിനെ മിനിവാനില്‍ പിന്തുടര്‍ന്ന് ഇടിപ്പിക്കുകയായിരുന്നു. എസ്‌ഐ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി കൊല്ലപ്പെട്ട എസ്.ഐ ബാലുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചു. എസ്.ഐയുടെ ബന്ധുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here