പാണക്കാട് കുടുംബത്തിനെതിരായ വിജയരാ​ഘവൻ്റെ പ്രസ്താവന അതിരുകടന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
306

തിരുവനന്തപുരം: മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവൻ്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാ‍ർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.

വിജയരാഘവൻ്റെ വിവാദ പ്രസ്താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിയൊരുക്കി എന്ന അഭിപ്രായം നേരത്തെ തന്നെ സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.

യുഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചയുടെ ഭാഗമായിട്ടാണ് കോൺ​ഗ്രസ് നേതാക്കൾ പാണക്കാട് പോയത് എന്നിരിക്കെ അതിൽ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീ​ഗ് വിരുദ്ധ പരാമ‍ർശത്തിലൂടെ വിജയരാ​ഘവൻ്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്നും യുഡിഎഫ് നേരത്തെ വിമ‍ർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here