സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറച്ചു, ലക്ഷ്യം കള്ളക്കടത്തിന് തടയിടൽ

0
326
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധിവരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.
രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സർക്കാരിന് റിപ്പോർട്ടു ൽകിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
ലോക്ക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 12.5ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം.
12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം സംയോജിത ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ കാരണം സ്വർണ്ണക്കടത്ത് കൂടിയതെന്നാണ് വിലയിരുത്തുന്നത്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം “സുരക്ഷിത നിക്ഷേപമായി” മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിരുന്നു, 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറിൽ സ്വർണ വില 26.2 ശതമാനം വർദ്ധിച്ചു. നിലവിൽ 10 ഗ്രാമിന് 49,106 രൂപയാണ് സ്വർണത്തിന് വില.
ജി‌പിയു [ആഗോള സാമ്പത്തിക നയ അനിശ്ചിതത്വം] കുത്തനെ ഉയർന്നതോടെ 2020 ജനുവരി മുതൽ സ്വർണ്ണ വില കുത്തനെ ഉയർന്നു. വാസ്തവത്തിൽ, മറ്റ് ആസ്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണ്ണത്തിന് വാർഷിക വരുമാനം വളരെ കൂടുതലാണ്, ”സർവേയിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കോവിഡ് -19 ന്റെ വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ, കര അതിർത്തികൾ വഴിയും സ്വർണക്കടത്ത് വർദ്ധിച്ചതായി കസ്റ്റംസിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്വർണ്ണത്തിന് ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലൂടെ വ്യാപാര കമ്മി നിയന്ത്രിക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here