പുത്തിഗെ: ഷിറിയ പുഴയിലെ അണക്കെട്ട് കാണാനെത്തുന്നത് ഒട്ടേറെ പേർ. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കല്കടറും ടൂറിസം – ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അണക്കെട്ടും കനാലും 1951 നവംബർ 10ന് മദ്രാസ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഭക്തവൽസലനാണ് ഉദ്ഘാടനം ചെയ്തത്. ഉൾഭാഗത്ത് ദേരടുക്കയിൽ വിജനമായ സ്ഥലത്താണ് അണക്കെട്ട്.
സുന്ദരമായ സ്ഥലമാണിത്. സീതാംഗോളി പെർള റോഡിലെ മണിയംപാറയിൽ നിന്നു 3 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. കഴിഞ്ഞവർഷം മുതലാണ് ഇവിടെ സന്ദർശകർ കൂടുതലായി എത്താൻ തുടങ്ങിയത്.
അണക്കെട്ട് കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ കുളിക്കുന്നതിനും മറ്റും സൗകര്യമുള്ളതുകൊണ്ടാണു സന്ദർശകരെത്തുന്നത്. ഇതിന്റെ ടൂറിസം സാധ്യത കണ്ടെത്തി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നു നോക്കാനാണു കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്.