മുംബൈ: കൊവിഡ് മൂലം വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിന് താഴെ എത്തുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാലാം ത്രൈമാസത്തിലെ സ്വര്‍ണ ആവശ്യം 28 ശതമാനം ഇടിഞ്ഞ് 783.4 ടണ്‍ എന്ന നിലയിലെത്തിയിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ 2008 രണ്ടാം ത്രൈമാസത്തിനു ശേഷമുള്ള ഏറ്റവും മോശമായ ത്രൈമാസമായിരുന്നു ഇത്.
നാലാം ത്രൈമാസത്തില്‍ സ്വര്‍ണ ആഭരണ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനം ഇടിഞ്ഞ് 515.9 ടണില്‍ എത്തിയിരുന്നു. മുഴുവന്‍ വര്‍ഷത്തില്‍ ഇത് 1,411.6 ടണ്‍ ആയിരുന്നു. 2019-നെ അപേക്ഷിച്ച് 34 ശതമാനമായിരുന്നു ഇടിവ്.
നിക്ഷേപ ആവശ്യത്തിന്റെ കാര്യത്തില്‍ 40 ശതമാനം വര്‍ധനവോടെ 1,773.2 ടണ്‍ എന്ന നിലയിലെത്തിയിട്ടുണ്ട്. സ്വര്‍ണ ഇടിഎഫുകളുടെ പിന്‍ബലമായിരുന്നു പ്രധാനമായും ഇതിന് പിന്നില്‍. നാലാം ത്രൈമാസത്തില്‍ സ്വര്‍ണ ഇടിഎഫുകളുടെ നിക്ഷേപ ആവശ്യത്തിന്റെ കാര്യത്തില്‍ ഗണ്യമായ കുറവും ഉണ്ടായി. സ്വര്‍ണ ബാറുകളുടേയും നാണയങ്ങളുടേയും കാര്യത്തില്‍ പത്തു ശതമാനം വളര്‍ച്ചയാണ് നാലാം ത്രൈമാസത്തില്‍ ഉണ്ടായത്. 2020-ന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയിലും ചൈനയിലും ഉണ്ടായ തിരിച്ചു വരവ് ഇതിനു സഹായകമായി.
സ്വര്‍ണത്തിന്റെ ആകെ വാര്‍ഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണിലെത്തി. 2013 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളില്‍ ഉണ്ടായ ഉല്‍പാദന തടസങ്ങളാണ് ഇതിനു കാരണമായത്.