ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ടെത്തി; മുസ്ലീം ലീഗ് നേതാക്കളുമായി കൂടികാഴ്ച്ച

0
189

ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ട് തങ്ങളുടെ വസതിയിലെത്തി നടത്തി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലികുട്ടി എംപി, കെപിഎ മജീദ് തുടങ്ങിയ നേതാക്കളുമായി കൂടികാഴ്ച്ച നടത്തി.

ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയിട്ടുള്ളത്. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു വ്യക്തമാക്കാനാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് സഭാ പ്രതിനിധികള്‍ പറഞ്ഞു.
സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങള്‍ വന്നതെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കൂടികാഴ്ച്ചയായതിനാല്‍ തന്നെ കൂടികാഴ്ച്ച ശ്രദ്ധേയമാണ്. മുസ്ലീംലീഗ് നേതൃത്വം തന്നെയാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സഭാ നേതൃത്വുമായി അടുപ്പം സൃഷ്ടിക്കാന്‍ ലീഗ്-യുഡിഎഫ് നേതാക്കള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് പാണക്കാടെത്തി ലീഗ് നേതാക്കളെ കാണുകയുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പാണക്കാട്ട് പോയതിനെതിരെ സിപിഐഎം രൂക്ഷമായി രംഗത്തെത്തിയിരുന്നു. ഇരുവരുടേയും യാത്രക്ക് പിന്നില്‍ മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയാണ് ലക്ഷ്യമെന്നുമെന്നുമായിരുന്നു രവിജയരാഘവന്റെ പ്രതികരണം. എന്നാല്‍ വിജയരാഘവന്റെ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി രംഗത്തെത്തി.

ഒരു കപട മതേതരവാദിയുടെ ഹൃദയത്തില്‍ നിന്ന് മാത്രമെ അത്തരമൊരു പ്രസ്താവന പുറത്ത് വരികയുള്ളൂവെന്നും ബാബറി മസ്ജിദ് അടക്കമുള്ള വിഷയങ്ങളില്‍ ലീഗിന്റെ നിലപാട് കണ്ടില്ലാന്ന് വെക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here