‘മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമാകില്ല’; ബോംബെ ഹൈക്കോടതി

0
224

മുംബൈ: ‘മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു കേസിൽ പോക്സോ വകുപ്പ് നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ സ്പർശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ വേണം. ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് എല്ലായ്പ്പോഴും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 12 വയസുള്ള പെൺകുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തിൽ പിടിച്ച കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

പോക്സോയ്ക്ക് കീഴിലുള്ള ലൈംഗികാതിക്രമം ഒരു കുറ്റമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ ലൈംഗിക ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിരിക്കണമെന്നും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ കുട്ടിയെ പ്രതിയുടെ സ്വകാര്യ അവയവങ്ങളിൽ സ്പർശിപ്പിക്കുകയോ ചെയ്യണം. പോക്സോയുടെ വ്യവസ്ഥകൾ അനുസരിച്ച് ലൈംഗിക പ്രവർത്തിയിൽ ലൈംഗിക ഉദ്ദേശത്തോടെ മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുന്നത് ഉൾപ്പെടുന്നു, അതിൽ നുഴഞ്ഞുകയറാതെയുള്ള ശാരീരിക സമ്പർക്കം ഉൾപ്പെടുന്നു. “പ്രതി പെൺകുട്ടിയുടെ വസ്ത്രം നീക്കി നെഞ്ചിൽ അമർത്തിയെന്നത് പ്രോസിക്യൂഷൻ കേസല്ല. അതിനാൽ, നേരിട്ട് ശാരീരിക ബന്ധമൊന്നുമില്ല, ലൈംഗിക ഉദ്ദേശ്യത്തോടെ തൊലിപ്പുറത്ത് സ്പർശിച്ചതാണെന്നും വ്യക്തമല്ല,” ജസ്റ്റിസ് പറഞ്ഞു.

“12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ നെഞ്ചിൽ കൈ അമർത്തുന്നത് അവളുടെ വസ്ത്രം മുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതാണോ അതോ കൈ അവളുടെ ടോപ്പിനുള്ളിൽ തിരുകി നെഞ്ചിൽ അമർത്തിയോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങളില്ലെങ്കിൽ,” കേസ് പോക്സോയുടെ പരിധിയിൽ വരില്ല. ലൈംഗികാതിക്രമങ്ങൾ, ഐപിസിയുടെ 354-ാം വകുപ്പിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും ജഡ്ജി വ്യക്തമാക്കി.

പ്രോസിക്യൂഷൻ കേസ് അനുസരിച്ച് പ്രതി ഒരു പേരക്ക നൽകാമെന്ന് വിശ്വസിപ്പിച്ചു പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ ടോപ്പ് നീക്കി മാറിൽ പിടിക്കുകയും ചെയ്തു. പിന്നീട്, അമ്മ ജോലി കഴിഞ്ഞു തിരികെ വന്നപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് വിവരം പറഞ്ഞു. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ വാദം കേട്ട സെഷൻസ് കോടതി പോക്സോ വകുപ്പ് പ്രകാരം പ്രതിയെ ശിക്ഷിച്ചു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here