ട്രെയിനിൽ മഴ നനഞ്ഞയാൾക്ക് 8000 രൂപ നഷ്ടപരിഹാരം; വിധി ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ

0
216

തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരൻ നടത്തിയ നിയമപോരാട്ടത്തിൽ ഏഴു വർഷത്തിനുശേഷം അനുകൂല വിധി. വിന്‍ഡോ ഷട്ടര്‍ തകരാർ കാരണം അടയാതിരുന്നതാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. പറപ്പൂര്‍ തോളൂര്‍ സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യൻ 8,000 രൂപ റെയിൽവേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ വിധി.

തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ട് ആയി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കു ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടയിലാണ് ട്രെയിനിൽ മഴ നനയേണ്ടി വന്നത്. ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് തകരാർ കാരണം അടയാതിരുന്ന ഷട്ടറിനടുത്തുള്ള സീറ്റില്‍ സെബാസ്റ്റ്യൻ കുടുങ്ങിപ്പോയത്. കനത്ത മഴയെ തുടർന്ന് വിൻഡോ സീറ്റിലിരുന്ന സെബാസ്റ്റ്യൻ അടിമുടി നനയുകയായിരുന്നു. ഷട്ടര്‍ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്ബോള്‍ ശരിയാക്കാമെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ലഭിച്ചത്.

എന്നാൽ എറണാകുളം സൌത്ത് സ്റ്റേഷനിൽ പത്തു മിനിട്ടിൽ അധികം നിർത്തി ഇട്ടെങ്കിലും ഷട്ടര്‍ ശരിയാക്കാനുള്ള ഒരു നടപടി ക്രമവും ഉണ്ടായില്ല. നേരത്തെ ഷട്ടർ ശരിയാക്കി തരാമെന്ന് പറഞ്ഞ ടിടിഇയെ പിന്നീട് കാണാൻ സാധിച്ചതുമില്ല. തിരുവനന്തപുരം വരെ സെബാസ്റ്റ്യന് മഴ നനഞ്ഞു യാത്ര ചെയ്യേണ്ടി വന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരുവനന്തപുരത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി.

എന്നാൽ ഈ പരാതിയിൽ തുടര്‍ നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. ഇതോടെയാണ് താൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വർഷങ്ങൾ നീണ്ട നിയമ പോരാട്ടമാണ് നടത്തിയത്. പലപ്പോഴും കേസ് വിളിക്കുമ്പോൾ റെയിൽവേ പ്രതിനിധികൾ ഹാജരായിരുന്നില്ല. ഏതായാലും കാത്തിരിപ്പ് വെറുതെയായില്ല. കഴിഞ്ഞ ദിവസം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കോടതി ചെലവ് ഉൾപ്പടെ സെബാസ്റ്റ്യൻ 8000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നെങ്കിലും അനുകൂല കോടതി വിധി വന്നതിൽ അതീവ സന്തോഷവാനാണ് സെബാസ്റ്റ്യൻ. ജീവിതത്തിലെ ഏറ്റവും വലിയ ദുരവസ്ഥയാണ് അന്ന് ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്നതെന്നും സെബാസ്റ്റ്യൻ പറയുന്നു. ഇനിയൊരു യാത്രക്കാരനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here