മുസ്‍ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വെച്ച യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാറിന്‍റെ ഒഴിവിലേക്ക് ആസിഫ് അന്‍സാരിയെ തെരഞ്ഞെടുത്തു. മുസ്‍ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു ആസിഫ് അന്‍സാരി ആണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലേക്കാണ് സാബിർ ഗഫാർ ചുവട് മാറ്റിയത്. കേരളത്തിന് പുറത്തുള്ള മുസ്‍ലിം ലീഗ് നേതാക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളായിരുന്നു രാജിവെച്ച യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് സാബിര്‍ ഗഫാര്‍. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് നേതൃത്വവുമായി നിലനില്‍ക്കുന്ന അകല്‍ച്ചയാണ് രാജിയിലെത്തിച്ചത്.
അതെ സമയം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒരു രാഷ്ട്രീയ സമവാക്യത്തിനും മുസ്‍ലിം ലീഗ് ഒരുക്കമല്ലെന്നും പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലീഗിന്‍റെ ലക്ഷ്യമെന്നും ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്ദീന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നൂറ്റാണ്ടുകളായി തുടരുന്ന മതേതര നിലപാട് ബലികഴിപ്പിക്കാന്‍ തയ്യാറല്ലെന്നും ലീഗ് വ്യക്തമാക്കി. ബംഗാളിലെ ഫുര്‍ഫുറ ഷെരീഫ് നേതാവായ അബ്ബാസ് സിദ്ദീഖ് രൂപികരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു സാബിറിന്. പക്ഷെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് അവര്‍ക്കൊപ്പം കൂടില്ലെന്ന നിലപാട് ലീഗ് ദേശീയ നേതൃത്വമെടുത്തു. ഇതോടെയാണ് രാജിവെക്കാനും പുതിയ പാര്‍ട്ടിയില്‍ ചേരാനും സാബിര്‍ തീരുമാനിച്ചത്.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും ആസാമിലും മുസ്‍ലിം ലീഗ് സജീവമായിരിക്കുമെന്നും പത്രകുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ ഘടകവുമായി സംസാരിച്ചതിന് ശേഷമാകും ശരിയായ തെരഞ്ഞെടുപ്പ് തന്ത്രം തീരുമാനിക്കുകയെന്നും ഇത് സംബന്ധിച്ച് ദേശീയ മുസ്‍ലിം ലീഗ് കമ്മിറ്റി ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുക്കുമെന്നും ലീഗ് ദേശീയ അധ്യക്ഷന്‍ കെ.എം ഖാദര്‍ മൊയ്ദീന്‍ അറിയിച്ചു.