കോഴിക്കോട്: ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ജനകീയ അന്വേഷണ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം വഴിമുട്ടിയതോടെയാണ് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി പതിനഞ്ചിന് പുലര്‍ച്ചെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്ജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി.വി രാജേന്ദ്രന്‍ തുടങ്ങിയവരായിരുന്നു ജനകീയ അന്വേഷണ കമ്മീഷനില്‍ ഉണ്ടായിരുന്നത്.
അന്വേഷണം ആദ്യംതന്നെ അട്ടിമറിച്ചെന്ന് ആരോപണമുയര്‍ന്ന അന്നത്തെ ഡി.വൈ.എസ്.പി ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം വേണമെന്ന് അന്വേഷണ കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ സി.ബി.ഐക്കെതിരെയും വിമര്‍ശനമുണ്ട് ഖാസിയുമായി അടുത്ത ബന്ധമുള്ളവരെ വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ തന്നെ കേസ് തെളിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സന്തത സഹചാരിയായിരുന്ന ഡ്രൈവര്‍ ഹുസൈനെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെ കുറിച്ചും വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ കൊലപാതകികള്‍ ആരെന്ന് കണ്ടെത്താനാവുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഖാസിയുടെ ശരീരത്തിലെ മുറിവുകള്‍ ബാഹ്യമായ അക്രമത്തിന്റെ അടയാളമാണെന്നും കേസിനെ ഒതുക്കാന്‍ ആദ്യം മുതലേ ഉന്നത ഇടപെടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ കമ്മീഷന്‍ വിലയിരുത്തി.
2010 ഫെബ്രുവരി അഞ്ചിനാണ് സി.എം. അബ്ദുള്ള മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൗലവിയുടെ മൃതദേഹത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ഒരു ലക്ഷണവുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍, വിദഗ്ദരുടെ നിരീക്ഷണങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ കൊലപാതകത്തിനോ ആത്മഹത്യക്കോ ഉള്ള തെളിവുകള്‍ ലഭിക്കുന്നില്ലെന്ന് സി.ബി.ഐ പറഞ്ഞിരുന്നു.
മതനിഷ്ഠയില്‍ ജീവിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന ഹരജിയിലെ വാദം കണക്കിലെടുത്താണ് കോടതി പല തവണ തുടരന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. മംഗലാപുരം കാസര്‍കോട് മേഖലകളിലെ 140 ഓളം മഹല്ലുകളുടെ ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവി കാന്‍സര്‍ ബാധിതനായിരുന്നു.