ഇവിടെ മത്സരം പൊടിപാറും; നിയമസഭയിലേക്ക് ത്രികോണ മത്സരം നടക്കുമെന്നുറപ്പായ 53 മണ്ഡലങ്ങൾ

0
434

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അൻപതിലേറെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി 20 ശതമാനത്തിലധികം വോട്ടുനേടിയ നാല്പതോളം മണ്ഡലങ്ങളും ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മുന്നേറ്റം നടത്തിയ കുന്നത്തുനാട്, മൂന്നു മുന്നണികളെയും പിന്നിലാക്കി പിസി ജോർജ് നേടിയ പൂഞ്ഞാർ എന്നിവയും ഇതിൽ പെടുന്നു.

ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിൽ 25,000 വോട്ടിൽ കൂടുതൽ നേടി. 20,000 ൽ കൂടുതൽ നേടിയ 55 മണ്ഡലങ്ങൾ. 25 ൽ താഴെ മണ്ഡലങ്ങളിലാണ് പതിനായിരത്തിൽ താഴെ വോട്ടു ലഭിച്ചത്. ഇത് ആദ്യമായാണ് സംഭവിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കിൽ ബിജെപി 20 ശതമാനത്തിലധികം വോട്ടു നേടിയ 35 നിയമസഭാ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് സിപിഎം തീരുമാനം. ചില ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഈ വളർച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള താഴേത്തട്ടിലെ അവലോകന റിപ്പോർട്ടിങ്ങിൽ സിപിഎം സംസ്ഥാന നേതൃത്വം ഊന്നൽ കൊടുക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഇതിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ എന്നീ ജില്ലകളിൽ വലിയ രീതിയിൽ ബിജെപി നേട്ടം കൈവരിക്കുന്നു എന്നാണ് കണക്കുകൾ നൽകുന്ന സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലനിർത്താൻ ബിജെപിക്ക് കഴിയുമോ എന്നതും അതിനു സാധിച്ചില്ലെങ്കിൽ ആ വോട്ടുകൾ എങ്ങോട്ടു മറിയും എന്നതും ഫലത്തെ സ്വാധീനിക്കും. തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത് ഇതിൽ എൽഡിഎഫിനും യുഡിഎഫിനും കണ്ണുണ്ട്. മുസ്ലിം ലീഗിനും വെൽഫയർ പാർട്ടിക്കും എതിരായ നിലപാട് കുറച്ച് ബിജെപി വോട്ടുകൾ എങ്കിലും തങ്ങൾക്ക് അനുകൂലമാക്കുമെന്നു ഇടതു മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ശബരിമല നിലപാടിലെ സർക്കാർ വിരുദ്ധ ബിജെപി ലോക്സഭയിലെ പോലെ വോട്ടുകൾ തങ്ങൾക്ക് വീഴുമെന്ന് യുഡിഎഫും കണക്കാക്കുന്നു.

ബിജെപി മുന്നേറിയ മണ്ഡലങ്ങൾ

തിരുവനന്തപുരം

ആകെയുള്ള 14 മണ്ഡലങ്ങളിൽ 11 ലും ബിജെപി അഞ്ചിലൊന്ന് വോട്ടിലധികം നേടി. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര എന്നിവയാണ് ഇത്. വാമനപുരം, നെയ്യാറ്റിൻകര, വർക്കല എന്നീ മണ്ഡലങ്ങൾ മാത്രമാണ് പിന്നിൽ. ഇതിൽ വർക്കല മുനിസിപ്പാലിറ്റിയിൽ എൽഡിഫിനേക്കാൾ ഒരു സീറ്റു മാത്രം പിന്നിലായി ശക്തമായ സാന്നിധ്യമായി എന്നതും ശ്രദ്ധേയം. ബിജെപി മുന്നേറിയ മണ്ഡലങ്ങളിൽ 7 എണ്ണം നിലവിൽ എൽ ഡി ഫും മൂന്നെണ്ണം കോൺഗ്രസുമാണ്.

കൊല്ലം

യുഡിഎഫ് തളർച്ച പ്രകടിപ്പിക്കുന്ന ജില്ലയിൽ ബിജെപി വോട്ടുകണക്കിൽ മുന്നോട്ടാണ്. കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര എന്നീ മണ്ഡലങ്ങളിൽ 25000 ൽ അധികം വോട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയത്.

പത്തനംതിട്ട

ആകെയുള്ള അഞ്ചിലും ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുതിപ്പ് കാണിക്കുന്നു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ എസ് ഡി പി ഐ യുമായി സിപിഎമ്മിനുള്ള ചങ്ങാത്തം ഒക്കെ ശബരിമലയും പന്തളവും ഉൾപ്പെടുന്ന ജില്ലയെ രാഷ്ട്രീയമായി കടുത്ത പോരാട്ടത്തിലേക്ക് കൊണ്ടുപോകും. ഇതിൽ ബിജെപി നേടിയ പന്തളം മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന അടൂർ മണ്ഡലത്തിൽ ഇത്തവണ മത്സരം ഏറെ ശക്തമാകും.

ആലപ്പുഴ

പ്രാദേശികമായുള്ള സംഘടന പ്രശ്നങ്ങൾ എൽഡിഎഫിന് പ്രയാസം സൃഷ്ടിച്ചാൽ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ കിഴക്കൻ മണ്ഡലങ്ങളിലും കുട്ടനാട്ടിലും മൂന്നു ശക്തമായ ത്രികോണ മത്സരത്തിലേക്ക് ഉണ്ടാകും.

കോട്ടയം

ക്രിസ്ത്യൻ വിഭാഗങ്ങൾ അകന്നതോടെ ജില്ലയിൽ ഉണ്ടായ തളർച്ച ഉമ്മൻ ചാണ്ടി നയിക്കാൻ എത്തുന്നതോടെ മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. കേരള കോൺഗ്രസ് വന്നതോടെ എട്ട് മണ്ഡലം ജയിച്ച് പുത്തനുണർവ് ഉണ്ടാകുമെന്ന് എൽ ഡിഎഫ് പ്രതീക്ഷിക്കുന്നു. തദ്ദേശ തെരഞ്ഞടുപ്പിൽ പ്രകടിപ്പിച്ച അവകാശവാദത്തിന് അനുസരിച്ച് ബിജെപിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയ ജില്ലയാണ് കോട്ടയം. ഇതിൽ സംഘടനാപരമായ നിരവധി പാളിച്ചകൾ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥിയനുസരിച്ച് ബിജെപി ശക്തി പ്രകടിപ്പിക്കാൻ സാധ്യത ഏറെ. ഒപ്പം പിസി ജോർജിനെ ചൊല്ലി യുഡിഎഫിൽ തർക്കം നില നിൽക്കുന്ന പൂഞ്ഞാറും. വൈക്കം മണ്ഡലത്തിൽ സിപിഐക്ക് വെല്ലുവിളി ഇല്ലെങ്കിലും ബിജെപിയുടെ മുന്നേറ്റം ശ്രദ്ധേയമാകും.

എറണാകുളം

കൊച്ചി കോർപറേഷനിൽ നടത്തിയ മുന്നേറ്റം തൃപ്പുണിത്തുറയിൽ സ്വാധീനിക്കാൻ സാധ്യതയേറെ. ഇതിനൊപ്പം ട്വന്റി 20 മുന്നേറ്റം നടത്തിയ കുന്നത്തുനാട് മറ്റൊരു ശക്തമായ മത്സരത്തിന് വേദിയാകും.

തൃശൂർ

തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട്, നാട്ടിക, ചേലക്കര എന്നിങ്ങനെ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളും കൈപ്പമംഗലവും.

പാലക്കാട്

ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ പാലക്കാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ മണ്ഡലങ്ങൾ.

കോഴിക്കോട്

ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ കുന്നമംഗലം, കോഴിക്കോട് നോർത്ത്‌

കാസർഗോഡ്

നാലു പതിറ്റാണ്ടായി ബിജെപിയുടെ ശക്തമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മഞ്ചേശ്വരം, കാസർകോട് ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഉദുമ.

LEAVE A REPLY

Please enter your comment!
Please enter your name here