കൊല്‍ക്കത്ത: ബിജെപി കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കുനേരെ കല്ലേറും കുപ്പിയേറും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയാണ് കൊല്‍ക്കത്തയില്‍ ബിജെപി റോഡ് ഷോ നടത്തിയത്. റോഡ് ഷോയ്ക്കുനേരെ കെട്ടിടങ്ങള്‍ക്ക് മുകളില്‍നിന്ന് കുപ്പിയേറുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പതാകയേന്തിയ ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റോഡ് ഷോയ്ക്കുനേരെ കല്ലേറ് ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോ. പോലീസില്‍നിന്ന് അനുമതി വാങ്ങിയശേഷമാണ് റോഡ് ഷോ നടത്തിയതെന്ന് സുവേന്ദു അധികാരി പിന്നീട് പറഞ്ഞു. എന്നിട്ടും കല്ലേറുണ്ടായി. ഭീഷണികള്‍ വിലപ്പോകില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിക്ക് ഒപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സൗത്ത് കൊല്‍ക്കത്തയിലുള്ള മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രകളാണ് ഇന്ന് കൊല്‍ക്കത്തയില്‍ നടന്നത്. ഏപ്രില്‍ – മെയ് മാസങ്ങളിലാവും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. അതിനിടെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയടക്കം വിലയിരുത്തുകയും ചെയ്തിരുന്നു.
#WATCH | West Bengal: Stones were pelted at BJP workers who were part of a rally attended by Union Minister Debasree Chaudhuri, state BJP chief Dilip Ghosh and Suvendu Adhikari in Kolkata earlier today. pic.twitter.com/hLW8NEmWeX
— ANI (@ANI) January 18, 2021