
ലണ്ടൻ: ശതകോടികൾ മൂല്യമുള്ള 7,500 ബിറ്റ്കോയിനുകളുടെ ഡിജിറ്റൽ ശേഖരം സൂക്ഷിച്ച കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് അശ്രദ്ധമായി ചവറുകൂനയിലെറിഞ്ഞ യുവാവിന് കിട്ടിയത് ‘എട്ടിന്‍റെ പണി’. വർഷങ്ങൾക്ക് മുമ്പ് അത്ര മൂല്യമില്ലാത്ത കാലത്ത് വാങ്ങിക്കൂട്ടിയ ബിറ്റ്കോയിനുകൾ, വെയിൽസുകാരൻ ജെയിംസ് ഹോവെൽസാണ് അശ്രദ്ധമായി മുനിസിപ്പാലിറ്റി ചവറുകൂനയിൽ കളഞ്ഞത്.
2013ൽ ദൂരെകളഞ്ഞ ബിറ്റ്കോയിനുകൾക്ക് പിന്നീട് വില ആകാശത്തോളമുയർന്നപ്പോൾ അവക്കായി തിരച്ചിൽ തുടങ്ങുകയായിരുന്നു. നീണ്ട തിരച്ചിലിലും എവിടെയും ലഭിക്കാതെ വന്നതോടെ പഴക്കം ചെന്ന ഹാർഡ് ഡ്രൈവ് മറ്റു സാധനങ്ങൾക്കൊപ്പം വർഷങ്ങൾക്ക് മുമ്പ് കളഞ്ഞത് ഓർമ വന്നു.
ഇതോടെ എന്തുവില കൊടുത്തും അവ കൈക്കലാക്കാൻ ശ്രമവും തുടങ്ങി. വെയിൽസിലെ ന്യൂപോർട്ട് സിറ്റി കൗൺസിലിനു കീഴിലെ മാലിന്യക്കൂനയിൽ ഹാർഡ് ഡ്രൈവ് ഇപ്പോഴും ഇരിക്കുന്നുണ്ടാകാമെന്ന നിഗമനത്തിൽ അധികൃതരെ സമീപിച്ച ജെയിംസ് വാഗ്ദാനം ചെയ്തത് ബിറ്റ്കോയിൻ ശേഖരത്തിന്‍റെ നാലിലൊന്നാണ്. ഹാർഡ് ഡ്രൈവ് ഉണ്ടാകാൻ സാധ്യതയുള്ള ഭാഗം കുഴിക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ. 500 കോടിയിലേറെ രൂപ അതിനു മാത്രം മൂല്യംവരും.