ഉത്തപ്പയും വിഷ്ണുവും നിറഞ്ഞാടി; ഡല്‍ഹിയെ ആറ് വിക്കറ്റിന് തകര്‍ത്ത് കേരളം

0
324

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു. ഡല്‍ഹി മുന്നോട്ടുവെച്ച 213 റണ്‍സിന്റെ വിജയ ലക്ഷ്യം കേരളം ഒരോവര്‍ ശേഷിക്കെ മറികടന്നു. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.

ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 54 ബോളില്‍ 8 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ ഉത്തപ്പ 91 റണ്‍സെടുത്തു. വിഷ്ണു വിനോദ് 38 ബോളില്‍ 5 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു.

കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഞ്ജു റാവത്ത് പിടിച്ചാണ് അസ്ഹര്‍ പുറത്തായത്. സഞ്ജു സാംസണ്‍ പത്തു പന്തില്‍ നിന്ന് 16 റണ്‍സെടുത്തും സച്ചിന്‍ ബേബി 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തും പുറത്തായി.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഡല്‍ഹി 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും സഹായത്തോടെ ധവാന്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ലളിത് യാദവും അര്‍ദ്ധ സെഞ്ചറി (52) നേടി. കേരളത്തിന് വേണ്ടി എസ്.ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫും മിഥുനും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here