ലോകം തേടുന്ന ‘നാളത്തെ പെട്രോൾ’ ഇന്ത്യയിൽ കർണാടകത്തിൽ കണ്ടെത്തി, ലോകശക്തിയായി രാജ്യത്തിന്റെ തലവരമാറ്റാൻ ഇതിനാവുമോ ?

0
338

ബംഗളൂരു : മരുഭൂമി നിറഞ്ഞ ചുട്ടുപൊള്ളുന്ന അറബി രാഷ്ട്രങ്ങൾ സമ്പന്നമായത് മണലാരണ്യത്തിൽ ഒളിപ്പിച്ചുവച്ച എണ്ണയെന്ന നിധി കണ്ടെടുത്തതോടെയാണ്. ലോകത്തിനെ ചലിപ്പിക്കാൻ പോന്ന കറുത്ത ദ്രാവകം അറബികളെ ലോകത്തിലെ നിർണായക ശക്തിയാക്കി, സമ്പന്നത കൊണ്ട് മൂടി. വരും കാലത്ത് പെട്രോൾ ഡീസൽ വാഹനങ്ങളെ മാറ്റി ഇലക്ട്രിക് വാഹനങ്ങൾ കളം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളിൽ വൈദ്യുതി ശേഖരിക്കുന്ന ബാറ്ററികളുടെ നിർമ്മാണത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. ലിഥിയം ഉപയോഗിച്ചാണ് ഗുണമേൻമയേറിയ ബാറ്ററികൾ നിർമ്മിക്കുന്നത്. ഇപ്പോഴിതാ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്‌പ്ലോറേഷൻ ആൻഡ് റിസർച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയിൽ കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മർഗല്ലഅലപത്ന പ്രദേശത്ത് ലിഥിയം ശേഖരം കണ്ടെത്തി എന്നതാണ് റിപ്പോർട്ട്.

നിലവിൽ ഇന്ത്യയിൽ ഒരിടത്ത് നിന്നും ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയിരുന്നില്ല. ആദ്യമായിട്ട് അത്തരമൊരു ഖനി കർണാടകയിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ്. ലിഥിയം ആവശ്യത്തിന്റെ നൂറ് ശതമാനവും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയ്ക്ക് ഈ കണ്ടെത്തൽ നൽകിയിരിക്കുന്നത് പുതിയ ഊർജ്ജമാണ്. എന്നാൽ താരതമ്യേന ചെറിയ അളവിൽ മാത്രമേ ഇവിടെ ലിഥിയം ശേഖരിക്കപ്പെട്ടിട്ടുള്ളു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് 1,600 ടൺ ലിഥിയമാണ് ഇവിടെ നിന്നും കുഴിച്ചെടുക്കാനാവുക. എന്നാൽ രാജ്യത്തിന് സ്വയം പര്യാപ്തമാകാൻ ഇതുകൊണ്ടായാൽ തന്നെ വലിന നേട്ടമാണ് ഉണ്ടാവുക. കർണാടകയ്ക്ക് പുറമേ രാജസ്ഥാനിലും, ഗുജറാത്തിലും, ഒഡീഷയിലും ലിഥിയം വേർതിരിച്ചെടുക്കാനുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.

കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ വിഭാഗമായ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്‌പ്ലോറേഷൻ ആൻഡ് റിസർച്ചിന്റെ (എ എം ഡി) ഗവേഷണപ്രവർത്തനങ്ങളാണ് രാജ്യത്തെ വിവിധ ഇടങ്ങളിൽ നടക്കുന്നത്. ഉപ്പളങ്ങളിലും, അഭ്രം ഖനനം ചെയ്യുന്ന ഇടങ്ങളിലും ലിഥിയത്തിന്റെ സാമീപ്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് പുറമേ വിദേശത്തും നിരവധി കമ്പനികളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനം 17 ദശലക്ഷം ടൺ ലിഥിയത്തിന്റെ കരുതൽ ശേഖരമുള്ള ദക്ഷിണ അമേരിക്കൻ രാജ്യവുമായിട്ടുള്ളതാണ്. അർജന്റീനിയൻ കമ്പനിയുമായി ചേർന്ന് ലിഥിയം, കോബാൾട്ട് തുടങ്ങിയ ധാതുക്കൾ ശാസ്ത്രീയമായി ഖനനം ചെയ്‌തെടുക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here