കോട്ടയം: മുസ്ലിം സമൂഹത്തിനെതിരേ താന്‍ നടത്തിയ പരാര്‍മശത്തില്‍ മാപ്പുപറഞ്ഞ് പി.സി.ജോര്‍ജ്. തന്റെ വാക്കുകള്‍ സമുദായത്തെ വേദനിപ്പിച്ചെന്ന് മനസ്സിലായെന്നും അതിനാല്‍ പരസ്യമായി മാപ്പുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പഞ്ചായത്തായ ഈരാറ്റുപേട്ടയിലെ മുസ്ലീംവിഭാഗവുമായിട്ട് ചെറിയ ഒരു പ്രശ്‌നമുണ്ട്. എനിക്കെതിരേ ഒരു പ്രചരണം നടന്നു. അതെന്നെ വേദനിപ്പിച്ചപ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചു. അത് ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടുനടക്കുന്നത് മര്യാദയല്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് പരസ്യമായി ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒറ്റക്കെട്ടായി പോകും. അല്പം മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ ഞാന്‍ അല്പം കൂടി ആത്മസംയമനം പാലിക്കേണ്ടതായിരുന്നു.’ പി.സി.ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലിം ജനവിഭാഗം വേഗം പൊരുത്തപ്പെടുന്നവരാണ്. ഇതിനോടകം പൊരുത്തപ്പെട്ടതാണെന്നും നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പി.സി.ജോര്‍ജ് മുസ്ലീംവിഭാഗത്തിനെതിരേ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലീങ്ങള്‍ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പരാമര്‍ശം.