കേരളം ആര് ഭരിക്കും, 37 മണ്ഡലങ്ങള്‍ തീരുമാനിക്കും; ആറന്മുളയും പുതുപ്പള്ളിയും ഹരിപ്പാടും അതില്‍പ്പെടും

0
184

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പുറത്തോ ഇപ്പുറത്തോ എന്ന് വ്യക്തമാകാത്ത മണ്ഡലങ്ങളാണ് കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 37 മണ്ഡലങ്ങളാണ് ആ തരത്തില്‍ സംസ്ഥാനത്തുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന മണ്ഡലങ്ങളാണ് അവ. ഈ മണ്ഡലങ്ങളില്‍ യുവജനങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്ന മുന്നണിയില്‍ നിന്ന് പിടിച്ചെടുക്കുക എന്നതാണ് അപ്പുറത്ത് നില്‍ക്കുന്നവരുടെ തന്ത്രം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും നിലവില്‍ ഈ പട്ടികയില്‍ വരും. ഇരു മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് മുന്നില്‍. പുതുപ്പള്ളിയില്‍ ആയിരത്തില്‍ താഴെയാണ് എല്‍ഡിഎഫിന് ഭൂരിപക്ഷമെങ്കില്‍ ഹരിപ്പാടില്‍ മൂവായിരത്തിലധികം ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഈ കണക്കുകളെ നിയമസഭയില്‍ ഭയക്കേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫിന്. ഹരിപ്പാട് ഇത്തവണ ഏറ്റെടുക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുവ നേതാക്കള്‍ക്കായിരിക്കും സീറ്റ് നല്‍കുക.

ആറന്മുള, ചവറ, നെയ്യാറ്റിന്‍കര മണ്ഡലങ്ങളെല്ലാം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തവയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ലീഡ്. ആറന്മുളയില്‍ ആയിരത്തില്‍ താഴെ വോട്ടിനാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. മണ്ഡലം വീണ്ടും നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കൊടുവള്ളി, നിലമ്പൂര്‍ എന്നീ സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത് സ്വതന്ത്രരെ നിര്‍ത്തിയാണ്. ഈ പരീക്ഷണം തുടരും. പേരാമ്പ്ര, കൊയിലാണ്ടി, തിരുവമ്പാടി, കുറ്റ്യാടി, നാദാപുരം എന്നീ മണ്ഡലങ്ങളില്‍ ഇത്തവണ പോരാട്ടം കനക്കും എന്നാണ് കണക്കുകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here