ദേശീയപാത 66: 604.90 കോടി സംസ്ഥാന വിഹിതം

0
192
തിരുവനന്തപുരം: ദേശീയപാത 66 കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെ ആറുവരിപ്പാത വികസനത്തിന്റെ സ്ഥലമെടുപ്പിനുള്ള സംസ്ഥാന വിഹിതമായ 25 ശതമാനത്തില്‍ 604.90 കോടി കൂടി വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

മൂന്നു തവണയായി സംസ്ഥാന സര്‍ക്കാര്‍ 525.70 കോടി രൂപ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട കണക്കുകള്‍ പ്രകാരം നല്‍കിക്കഴിഞ്ഞു. അതിനു പുറമെയാണ് ഇപ്പോള്‍ അനുമതി നല്‍കിയ 604.90 കോടിയെന്നും മന്ത്രി അറിയിച്ചു. ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയപാത വികസനത്തില്‍ കേരളത്തില്‍ മാത്രമാണ് 25 ശതമാനം തുക സംസ്ഥാനം നല്‍കണമെന്ന നിബന്ധന വെച്ചിട്ടുള്ളത്. തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രസ്തുത നിബന്ധന അംഗീകരിച്ചതിനു ശേഷമാണ് കാസര്‍കോട് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, കണ്ണൂര്‍ ജില്ലയിലെ പേരോള്‍-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട്, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍-വെങ്ങളം, മലപ്പുറം ജില്ല ഉള്‍പ്പെടുന്ന രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട്, കൊല്ലം ജില്ലയിലെ കൊറ്റന്‍കുളങ്ങര-കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപാസ് -കടമ്പാട്ടുകോണം എന്നീ റീച്ചുകള്‍ ടെണ്ടര്‍ ക്ഷണിച്ചു കഴിഞ്ഞു. ഇതില്‍ ചെങ്ങള-നീലേശ്വരം, പേരോള്‍-തളിപ്പറമ്പ് എന്നിവ പ്രവൃത്തി കരാറുകാര്‍ക്ക് അവാര്‍ഡ് ചെയ്തു. കൂടാതെ തലശേരി-മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, വടകര ഭാഗത്തെ പാലോളി, മൂരാട് പാലങ്ങള്‍, കഴക്കൂട്ടം മേല്‍പ്പാലം എന്നിവ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍പ്പെട്ട സംസ്ഥാനത്തെ പ്രധാന വികസന പദ്ധതിയായ ദേശീയപാത വികസനവും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here