കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ പാർട്ടി നടത്തിയ മോശം പ്രകടനത്തെ തുടർന്ന് പ്രാദേശിക നേതൃത്വത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മുസ്ലീം ലീഗ് നേതൃത്വം.
മുസ്ലീംലീഗിൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെയടക്കം മൂന്ന് നേതാക്കളെ മുസ്ലീം ലീഗ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറ, മുഖദാർ കമ്മിറ്റികൾ പിരിച്ചു വിടുകയും ചെയ്തു. വോട്ടുചോർച്ചയും എൽഡിഎഫുമായി ഒത്തുകളിയും ആരോപിച്ചാണ് നടപടി. സംഘടനയുടെ വിവിധ പദവികളിൽ നിന്നായി അഞ്ച് പേരെ നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ ശുപാർശ പരിഗണിച്ച് സംസ്ഥാനേതൃത്വമാണ് നടപടി എടുത്തത്.
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തിരുവനന്തപുരത്തും ശക്തമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. ബീമാപള്ളി ഈസ്റ്റ് വാർഡിലെ തോൽവിയെ തുടർന്നാണ് ഇവിടെ നടപടി സ്വീകരിച്ചത്. മറ്റു ജില്ലകളിലെ തോൽവി വിലയിരുത്തി അവിടെയും സമാനമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കി.